കൊല്ലം: മഴ മാറി മാനം തെളിഞ്ഞതോടെ ഒാണത്തിന്റെ പശ്ചാത്തലത്തിൽ പപ്പടവിപണി ഉണർന്നു. ഓണസദ്യയിൽ പപ്പടം ഒഴിച്ചുകൂടാത്തതായതിനാൽ ഓണക്കച്ചവടം പപ്പട നിർമ്മാണക്കാർക്ക് നല്ല സമയമാണ്. ഓണത്തിന് കുറച്ച് ദിവസങ്ങൾ മാത്രം അവശേഷിക്കേ ആനച്ചുവടൻ മുതൽ കുട്ടിപപ്പടം വരെയുള്ളവ നിർമ്മിച്ച് മാർക്കറ്റിലെത്തിക്കാനുള്ള ശ്രമത്തിലാണ് നിർമ്മാതാക്കൾ. ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ വിവാഹം പോലുള്ള ആഘോഷങ്ങളും സദ്യവട്ടങ്ങളും ഇല്ലാതായതോടെ പപ്പടവ്യവസായം പ്രതിസന്ധിയിലായി. വീടുകളിലെ ഓണാഘോഷത്തിനെങ്കിലും ആവശ്യത്തിന് പപ്പടമെത്തിച്ച് പ്രതിസന്ധിയിൽ നിന്ന് കരകയറാനാണ് പപ്പടനിർമ്മാണക്കാരുടെ ശ്രമം. ഉഴുന്നുമാവ്, അരിപ്പൊടി, പപ്പടക്കാരം, ഭക്ഷ്യഎണ്ണ, ഉപ്പ്, വെള്ളം എന്നിവയാണ് പപ്പട നിർമ്മാണത്തിനാവശ്യമായ അസംസ്‌കൃത വസ്തുക്കൾ. പപ്പട നിർമ്മാണരംഗം യന്ത്രവത്കൃതമായെങ്കിലും അപൂർവമായെമെങ്കിലും ചിലയിടങ്ങളിൽ ഇപ്പോഴും പരമ്പരാഗത ശൈലി പിന്തുടരുന്നവരുണ്ട്.
പപ്പടം: പത്തെണ്ണം - 15രൂപ
വലുത്: പത്തെണ്ണം - 20രൂപ
വെല്ലുവിളിയായി വ്യാജ പപ്പടം
ചിങ്ങമാസത്തിലെ കല്യാണങ്ങൾ, ആഘോഷങ്ങൾ തുടങ്ങിയവയ്ക്ക് കിലോക്കണക്കിന് പപ്പടം വിറ്റുപോയിരുന്നു. കൊവിഡിൽ അതെല്ലാം ഇല്ലാതായതോടെ ജീവിതം പ്രതിസന്ധിയിലായ ഇവർക്ക് വിപണിയിലെത്തുന്ന വ്യാജ പപ്പടമാണ് മറ്റൊരു വെല്ലുവിളി. ഉഴുന്നിന് പകരം മൈദയും കേസരിപ്പരിപ്പും ചേർത്ത് നിർമ്മിക്കുന്ന വ്യാജൻ വിലകുറച്ച് വിൽക്കാനാകും. കേസരിപ്പരിപ്പിന്റെ ഉപയോഗം നാഡീതളർച്ചയ്ക്ക് കാരണമാകുമെങ്കിലും വിലക്കുറവായതിനാൽ പലരും ഇത് വാങ്ങി ഉപയോഗിക്കുന്നുണ്ട്. ആരോഗ്യത്തിന് ഹാനികരമായ അലക്കുകാരവും വൻതോതിൽ ഇവയിൽ ചേരുന്നുണ്ട്.
ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള വ്യാജ പപ്പടങ്ങൾ വിൽക്കുമ്പോൾ കൂടുതൽ ലാഭം ലഭിക്കുന്നതിനാൽ കച്ചവടക്കാരിൽ പലരും നാടൻ പപ്പടം സ്വീകരിക്കാത്ത അവസ്ഥയുണ്ട്. പപ്പടക്കാരം, ഉഴുന്ന്, എണ്ണ എന്നിവയുടെ വിലക്കയറ്റമാണ് മറ്റൊരു പ്രതിസന്ധി.
പരമ്പരാഗത പപ്പട നിർമ്മാതാക്കൾ