driving-school

കൊല്ലം: അടച്ചിരിപ്പിന്റെ മാനസിക-സാമ്പത്തിക പിരിമുറുക്കങ്ങൾക്ക് ലോക്ക് ഡോൺ ഇളവുകൾ ആശ്വാസമായെങ്കിലും ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും പുന:രാരംഭിക്കാത്തതിനാൽ പട്ടിണിയിലാണ് ഡ്രൈവിംഗ് സ്കൂൾ ഉടമകളും പരിശീലകരും. അയൽ സംസ്ഥാനങ്ങളിൽ പരിശീലനം പുനഃരാരംഭിച്ചിട്ടും കേരളത്തിൽ ഇതുവരെ അനുമതി നൽകിയിട്ടില്ല. വരുമാനമില്ലാതായതോടെ വായ്‌പാ തിരിച്ചടവും മുടങ്ങി. 5000 ഡ്രൈവിംഗ് സ്‌കൂളുകളും അരലക്ഷം ജീവനക്കാരുമാണ് സംസ്ഥാനത്തുള്ളത്. മാർച്ച് 10നാണ് ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും മോട്ടോർ വാഹനവകുപ്പ് നിറുത്തിയത്. വേനൽ അവധിയായ മാർച്ചിലും ഏപ്രിലിലും ഒന്നരലക്ഷം മുതൽ മൂന്നുലക്ഷം രൂപാവരെയാണ് മിക്ക ഡ്രൈവിംഗ് സ്കൂളുകൾക്കും ഫീസായി ലഭിച്ചിരുന്നത്. എന്നാൽ ഇത്തവണ കൊവിഡ് എല്ലാം മുടക്കി. ഡ്രൈവിംഗ് ടെസ്റ്റിനായി അരലക്ഷത്തോളം പേരാണ് കാത്തിരിക്കുന്നത്. പരിശീലന വാഹനങ്ങൾക്ക് പുറത്തിറക്കാനും അനുമതിയില്ല.

ജീവിക്കാൻ മറ്റ് ജോലികളിലേക്ക്

അസംഘടിത മേഖലയായതിനാൽ ഡ്രൈവിംഗ് പരിശീലകരിൽ പലരും മറ്റ് ജോലികൾക്ക് പോയാണ് ഇപ്പോൾ കുടുംബം പുലർത്തുന്നത്. മുഖ്യമന്ത്രി, ഗതാഗതമന്ത്രി, ട്രാൻസ്‌പോർട്ട് കമ്മിഷണർ എന്നിവ‌ർക്ക് നിവേദനം നൽകിയെങ്കിലും ഫലമുണ്ടായില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കാനുള്ള കേന്ദ്ര നിർദ്ദേശമുണ്ടെങ്കിലേ ഡ്രൈവിംഗ് സ്കൂളുകൾക്ക് പുനഃരാരംഭിക്കാനാകൂവെന്നാണ് മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്.

 ഡ്രൈവിംഗ് സ്കൂളുകൾ- 5,000

 തൊഴിലാളികൾ- 50,000

 ടെസ്റ്റിന് കാത്തിരിക്കുന്നവർ- 44,000

 മാർച്ച്, ഏപ്രിൽ മാസങ്ങളിലെ വരുമാനം- 1.5ലക്ഷം മുതൽ 3 ലക്ഷം വരെ

 ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റുകളും നിറുത്തിയത് മാർച്ച് 10ന്

"

തമിഴ്നാട്ടിലുൾപ്പെടെ പരിശീലനം പുനഃരാരംഭിച്ചതിനാൽ കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഇവിടെയും പരിശീലനം അനുവദിക്കാവുന്നതാണെന്ന് സർക്കാരിനോട് ശുപാർശ ചെയ്തു.

- രാജീവ് പുത്തലത്ത്, ജോയിന്റ് ട്രാൻസ്‌പോർട്ട് കമ്മിഷണർ

"

ഓൺലൈൻ ലേണേഴ്സ് ടെസ്റ്റ് നടത്തിയിട്ട് മാത്രം കാര്യമില്ല. ലേണേഴ്സ് ടെസ്റ്റ് പാസാകുന്നവർക്ക് നിശ്ചിത സമയത്തിനകം പരിശീലനം പൂർത്തിയാക്കാനും ലൈസൻസെടുക്കാനും കഴിയണം. തൊഴിലാളി കുടുംബങ്ങൾ പട്ടിണിയിലാണ്. സ‌ർക്കാർ സഹായം ലഭിച്ചിട്ടില്ല. മാനുഷിക പരിഗണന നൽകി സ്കൂളുകൾ തുറക്കാൻ അനുവദിക്കണം.

- എസ്. ശ്യാംകുമാർ, ഡയറക്ടർ, യൂണിയൻ ഡ്രൈവിംഗ് സ്കൂൾ, കൊല്ലം.