കൊല്ലം: നഗരസഭയുടെ വമ്പൻ പ്രഖ്യാപനമായ ഹൈടെക് ബസ് ഷെൽട്ടറുകളുടെ നിർമ്മാണം നാലെണ്ണത്തിൽ മാത്രമായി ഒതുങ്ങി. കരാർ ഏജൻസിക്ക് പലതവണ നോട്ടീസ് നൽകിയെങ്കിലും തിരിഞ്ഞുപോലും നോക്കുന്നില്ല. കരാർ റദ്ദാക്കി ബസ് ഷെൽട്ടറുകൾ നവീകരിക്കാൻ മറ്റ് വഴി തേടാൻ നഗരസഭയും തയ്യാറാകുന്നില്ല.
ഒരു വർഷത്തിനുള്ളിൽ ബസ് ഷെൽട്ടറുകളുടെ നിർമ്മാണം പൂർത്തിയാക്കണമെന്നായിരുന്നു സ്വകാര്യ കമ്പനിയുമായുള്ള ധാരണ. പക്ഷേ രണ്ടുവർഷം പിന്നിട്ടിട്ടും എസ്.എൻ കോളേജ് ജംഗ്ഷൻ, കരിക്കോട്, ആശ്രാമം എന്നിവിടങ്ങളിലായി നാല് ഷെൽട്ടറുകൾ മാത്രമാണ് യാഥാർത്ഥ്യമായത്. കോർപ്പറേഷൻ ഓഫീസിന് സമീപത്തെ രണ്ട് ഷെൽട്ടറുകളുടെ നിർമ്മാണം പാതിവഴിയിൽ മുടങ്ങി. നഗരത്തിലെ ബസ് ഷെൽട്ടറുകൾ പലതും ഏതുനിമിഷവും തകർന്നുവീഴുമെന്ന അവസ്ഥയിലായിട്ടും കരാർ നിലനിൽക്കുന്നതിനാൽ സ്വന്തംനിലയിൽ നവീകരിക്കാൻ നഗരസഭ തയ്യാറാകുന്നില്ല.
2 വർഷം പിന്നിട്ട മോഹനവാഗ്ദാനം
2018 ജൂലായിലാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള സ്വകാര്യ കമ്പനിയുമായി നഗരസഭ ബസ് ഷെൽട്ടർ നിർമ്മാണത്തിന് കരാറൊപ്പിട്ടത്. വൈഫൈ, സ്റ്റീൽ ഇരിപ്പിടങ്ങൾ, ഫാൻ, എഫ്.എം റേഡിയോ, ടി.വി, എൽ.ഇ.ഡി ഡിസ്‌പ്ളേ ബോർഡ് എന്നിവ സഹിതമുള്ള 52 ബസ് ഷെൽട്ടറുകൾ സ്ഥാപിക്കാനായിരുന്നു കരാർ. നിർമ്മാണത്തിനുള്ള ചെലവ് ഏജൻസി തന്നെ വഹിക്കും. പിന്നീട് ഷെൽട്ടറുകളിൽ പരസ്യം സ്ഥാപിച്ച് തുക തിരിച്ചുപിടിക്കുമെന്നായിരുന്നു വ്യവസ്ഥ.
നിർമ്മാണം പൂർത്തിയായാലും ബസ് ഷെൽട്ടറുകളിൽ നിന്ന് പരസ്യ ഇനത്തിൽ വരുമാനം ലഭിക്കാത്തതിനാലാണ് പുതിയവ നിർമ്മിക്കാൻ ഏജൻസി തയ്യാറാകാത്തത്.
നഗരസഭാ അധികൃതർ
ഹൈടെക്ക് ഷെൽട്ടറുകൾ
നിർമ്മിക്കാൻ കരാർ: 52
പൂർത്തിയായത്: 4
പാതിവഴിയിൽ: 2