cpm

കൊല്ലം: സർക്കാരിനെതിരെ നടക്കുന്ന കള്ളപ്രചാരണങ്ങൾ തടയാനും നേട്ടങ്ങൾ ജനങ്ങളിലെത്തിക്കാനും തദ്ദേശ തിരഞ്ഞെടുപ്പിന് അടിസ്ഥാനമൊരുക്കാനും ഇടതുമുന്നണി പ്രവർത്തകർ കാമ്പയിനുമായി വീടുകളിലേക്ക്.

ജില്ലയിലെ സ്‌ക്വാഡുകൾ വൈകാതെ തന്നെ പ്രവർത്തനം തുടങ്ങും. നിയോജക മണ്ഡലം, പഞ്ചായത്തുതലം, വാർഡ് കമ്മിറ്റികൾ എന്നിവ യോജിപ്പിച്ച് വിപുലമായ കാമ്പയിനാണ് നടത്തുന്നത്. ഒരു വാർഡിൽ പത്തിൽ കുറയാത്ത സ്‌ക്വാഡുകളാണ് സജ്ജമാക്കുന്നത്. ഓണനാളിനുമുന്നേ തുടങ്ങി സെപ്തംബർ 30ന് മുൻപ് തീർക്കാനാണ് ഉദ്ദേശിക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ജില്ലാ - താലൂക്ക് തല നേതാക്കൾ കാമ്പയിന് നേതൃത്വം നൽകും.

ഇടത് മുന്നണിലെ പ്രബല ശക്തികളായ സി.പി.എമ്മും സി.പി.എെയുമായിരിക്കും കൂടുതൽ വീടുകളിലുമെത്തുക. മുന്നണിയിലുള്ള മറ്ര് പാർട്ടികളുടെ ശക്തിയനുസരിച്ചാവും വാർഡുതല സ്ക്വാഡുകൾക്ക് രൂപം നൽകുക.


ലക്ഷ്യം


1. തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ പരമാവധി സീറ്റുറപ്പാക്കൽ
2. സർക്കാരിന്റെ പ്രവർത്തനത്തെപ്പറ്റിയുള്ള അഭിപ്രായമറിയൽ
3. പാർട്ടി അനുഭാവികളുടെയും അവരുടെ മക്കളുടെയും വോട്ട് ഉറപ്പാക്കുക
4. സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ തടയുക
4. വോട്ടർ പട്ടികയിൽ പേരില്ലാത്തവരെ ചേർക്കുക
5. പുതിയ വോട്ടർമാരെ കണ്ടെത്തി അവരുടെ വോട്ട് ഉറപ്പാക്കുക
6. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ യോഗ്യരായ യുവതീ - യുവാക്കളെ കണ്ടെത്തൽ
7. വാർഡ് മെമ്പർമാരെ കുറിച്ചുള്ള അഭിപ്രായം അറിയൽ
8. ഇടത് മുന്നണിക്ക് പ്രതിസന്ധി ഉണ്ടായേക്കാവുന്ന പഞ്ചായത്തുകളിൽ തന്ത്രങ്ങൾ മെനയുക


വീട്ടുകാരോട് പറയുന്നത്


1. ലൈഫ് പദ്ധതിയിലെ തെറ്റിദ്ധാരണകൾ
2. സ്വർണക്കടത്തുകേസിലും ബന്ധുനിയമനങ്ങളിലുമുള്ള ഇടതുമുന്നണി ന്യായങ്ങൾ
3. സർക്കാർ ചെയ്ത നല്ലകാര്യങ്ങൾ
4. തദ്ദേശ സ്ഥാപനങ്ങളിലൂടെ സർക്കാർ നടത്തിയ വികസന പ്രവർത്തനങ്ങൾ
5. അഴിമതിയില്ലെന്ന് തുറന്നുകാട്ടുക
6. മുൻ സർക്കാരിനെ താരതമ്യം ചെയ്യുക
7. ഇടതുമുന്നണി വീണ്ടും വരേണ്ട ആവശ്യതക ബോദ്ധ്യപ്പെടുത്തുക
8.കാർഷിക മേഖലയിലെ മുന്നേറ്റം
9. കൊവിഡ് നിയന്ത്രണവും നൽകിയ സഹായങ്ങളും


രണ്ടുപേർ മാത്രം


വീടുകളിൽ കാമ്പയിന് രണ്ടുപേർ മാത്രമാണ് എത്തുക. മാസ്‌ക് ധരിക്കുകയും കൊവിഡ് മാനദണ്ഡം പാലിക്കുകയും ചെയ്യും. പരമാവധി അരമണിക്കൂറെങ്കിലും ഒരു വീട്ടിൽ ചെലവിടും.