കൊല്ലം: കൊവിഡിനെ തുടർന്ന് നിർമ്മാണം നിലച്ച ഞാങ്കടവ് കുടിവെള്ള പദ്ധതിയ്ക്ക് ഉടൻ ജീവൻ വയ്ക്കും. അടുത്ത ആഴ്ചയോടെ നിർമ്മാണ ജോലികൾ പുനരാരംഭിക്കാമെന്നാണ് കണക്കുകൂട്ടൽ. തൊഴിലാളി ക്ഷാമമാണ് ഏറെ വലച്ചത്. അന്യസംസ്ഥാന തൊഴിലാളികളായിരുന്നു നിർമ്മാണ ജോലികൾക്ക് മുഖ്യമായും ഉണ്ടായിരുന്നത്. ഇവരെല്ലാം സ്വന്തം നാട്ടിലേക്ക് മടങ്ങിയതോടെ നിർമ്മാണം പൂർണമായും നിലക്കുകയായിരുന്നു. ആറ് കിലോമീറ്റർ ദൂരത്തിൽ ഇനി പൈപ്പ് സ്ഥാപിക്കാനുണ്ട്. ദേശീയപാതയിൽ നിന്നും ഇതിനുള്ള അനുമതി ലഭിക്കുന്നതിന്റെ തടസവും മാറിയിട്ടുണ്ട്. കുണ്ടറ ഇളമ്പള്ളൂർ ഭാഗത്ത് നിന്നും നീരാഴിക്കൽ ഭാഗത്തേക്ക് ഉടൻ പൈപ്പ് ഇടീൽ തുടങ്ങും.
ട്രീറ്റ്മെന്റ് പ്ളാന്റ്: വിദഗ്ദ്ധ സമിതി
വസൂരിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ളാന്റ് നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കോടതി കയറിയിരുന്നു. കരാറുകാരനാണ് കോടതിയെ സമീപിച്ചത്. തയ്യാറാക്കിയ പ്ളാനുമായി ബന്ധപ്പെട്ട തർക്കമാണ് പ്രശ്നങ്ങൾക്ക് കാരണം. കോടതി നിർദ്ദേശപ്രകാരം വിദഗ്ദ്ധസമിതിയെ നിയോഗിച്ച് പ്ളാനിന്റെ കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാക്കും. ഐ.ഐ.ടിയിലെ പ്രൊഫസറടക്കം കേരളത്തിന് പുറത്തുള്ള മൂന്ന് വിദഗ്ദ്ധർ സമിതിയിലുണ്ട്. ഒരുമാസത്തിനുള്ളിൽ ഇതിന്റെയും വ്യക്തത കൈവരും.
കല്ലടയാറ്റിൽ തടയണ
പദ്ധതിയുടെ ഭാഗമായി കല്ലടയാറ്റിൽ തടയണ നിർമ്മിക്കുന്നതിന് കരാറായി. 25 കോടി രൂപയാണ് നിർമ്മാണത്തിനായി വകയിരുത്തിയത്. കല്ലടയാറിന്റെ തീരത്തെ ഞാങ്കടവിൽ കിണറും പമ്പ് ഹൗസും പൂർത്തിയായിരുന്നു. ഇതിൽ നിന്ന് നൂറ് മീറ്റർ അകലെയാണ് തടയണ നിർമ്മിക്കുക. ഉപ്പുവെള്ളത്തിന്റെ ശല്യം ഉണ്ടാകാതിരിക്കാനും വെള്ളത്തിന്റെ ലഭ്യത എല്ലാ സീസണിലും തുല്യമായിരിക്കാനുമാണ് തടയണ നിർമ്മിക്കുന്നത്. കല്ലടയാറിന്റെ ഇരുകരകളെയും ബന്ധിപ്പിക്കുന്ന തരത്തിൽ 88 മീറ്റർ നീളമുള്ളതാണ് തടയണ. അടിഭാഗത്ത് പൈലിംഗ് നടത്തി അടിസ്ഥാനം കോൺക്രീറ്റ് ചെയ്യും. മുകളിലേക്ക് 6 മീറ്റർ ഉയരമുള്ള സ്റ്റീൽ ഷട്ടർ സ്ഥാപിച്ചാണ് വെള്ളം നിയന്ത്രിക്കുക. ഇരുമ്പ് കമ്പി ഉപയോഗിച്ച് ഷട്ടർ ഉയർത്തുകയും താഴ്‌ത്തുകയും ചെയ്യാം. കോൺക്രീറ്റിൽ നിർമ്മിക്കുന്ന തടയണയിൽ സ്റ്റീൽ ഷട്ടറുകളുണ്ടാകും. മഴക്കാലത്ത് അധിക ജലമെത്തുമ്പോൾ ഷട്ടർ തുറന്നുവിടാനുള്ള സൗകര്യവും ഒരുക്കും. ഞാങ്കടവ് പാലത്തിന്റെ അടിസ്ഥാനത്തിന്റെ ഉയരത്തിലാണ് തടയണയുടെ ഉയരവും ക്രമീകരിക്കുക. ഇറിഗേഷൻ വകുപ്പിന്റെ മേൽനോട്ടത്തിലാണ് നിർമ്മാണം. 18 മാസമാണ് നിർമ്മാണ കാലാവധി. നിർമ്മാണ ജോലികൾ വേഗത്തിൽ തുടങ്ങണമെന്ന് ആവശ്യപ്പെട്ട് കഴിഞ്ഞ ദിവസം വാട്ടർ അതോറിറ്റി ബന്ധപ്പെട്ടവർക്ക് കത്ത് നൽകി.
ഭൂമി ഏറ്റെടുത്തു
പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ 15 സെന്റ് ഭൂമി വാട്ടർ അതോറിറ്റി ഏറ്റെടുത്തു. സ്വകാര്യ വ്യക്തിയിൽ നിന്നാണ് ഭൂമി വിലയ്ക്ക് വാങ്ങിയത്. ഞാങ്കടവിൽ പണി പൂർത്തിയായ പമ്പ് ഹൗസിനോട് ചേർന്നുള്ളതാണ് ഭൂമി.
കുടിവെള്ള പദ്ധതി
ആരംഭിച്ചത്: 2018ൽ
അനുവദിച്ചത്: 313.35 കോടി രൂപ
തുക കിഫ്ബിയിലും അമൃത് പദ്ധതിയിലും
വസൂരിച്ചിറയിൽ ടാങ്ക് നിർമ്മാണം
കൊല്ലം നഗരസഭയ്ക്കും നേട്ടം