paravur
സക്കറിയ (48)

പരവൂർ: ചില്ലയ്ക്കൽ ആറ്റുകുഴി കടപ്പുറത്ത് നിന്ന് ഫൈബർ കട്ടമരത്തിൽ മത്സ്യബന്ധനത്തിന് പോയ രണ്ട് മത്സ്യത്തൊഴിലാളികൾ തിരയിൽപ്പെട്ട് മരിച്ചു. പരവൂർ കോങ്ങാൽ കൊച്ചു തൊടിയിൽ സക്കറിയ (48), പരവൂർ കോങ്ങാൽ ധർമ്മകുടിയിൽ ഇസുദ്ദീൻ (52) എന്നിവരാണ് മരിച്ചത്.

പുലർച്ചെ അഞ്ചോടെ മത്സ്യബന്ധനത്തിന് പുറപ്പെട്ട ഇവരുടെ കട്ടമരം ഒരു നോട്ടിക്കൽ മൈൽ അകലെ ശക്തമായ തിരയിൽപ്പെട്ട് മറിയുകയായിരുന്നു. ഇതോടെ സമീപത്തുണ്ടായിരുന്ന മത്സ്യത്തൊഴിലാളികളും വിവരം അറിഞ്ഞെത്തിയ കോസ്റ്റൽ പൊലീസും തെരച്ചിൽ ആരംഭിച്ചു. രണ്ട് മണിക്കൂറിന് ശേഷം തീരത്തോട് ചേർന്ന് സക്കറിയുടെ മൃതദേഹം മത്സ്യത്തൊഴിലാളികൾ കണ്ടെത്തി.

കോസ്റ്റൽ പൊലീസ് ഇന്റർസെപ്ടർ ബോട്ടായ യോദ്ധയിൽ നടത്തിയ തെരച്ചിലിൽ രാവിലെ 9 ഓടെ ഇസുദ്ദീന്റെ മൃതദേഹവും കണ്ടെടുത്തു. എസ്.ഐ ഹരികുമാർ, കോസ്റ്റൽ വാർഡൻ ടൈറ്റസ് ജെറോം, ബോട്ട് സ്റ്റാഫ് രാജേഷ്, രാജു, ശ്രീകുമാർ എന്നിവരുടെ നേതൃത്വത്തിലായിരുന്നു തെരച്ചിൽ.

നബീസത്താണ് ഇസുദ്ദീന്റെ ഭാര്യ. മക്കൾ: ഇബിനാ മോൾ, അന്ന. സജീനയാണ് സക്കറിയയുടെ ഭാര്യ. മക്കൾ: സുലൈമാൻ, മിസരിയ.

ജി.എസ്. ജയലാൽ എം.എൽ.എ നഗരസഭാ കൗൺസിലർമാരായ എ.ഷുഹൈബ്, പരവൂർ സജീബ് എന്നിവർ തീരത്ത് എത്തിയിരുന്നു.