കൊല്ലം: കൊവിഡ് നിയന്ത്രണങ്ങളെ തുടർന്ന് താഴുവീണ കൊല്ലം ബീച്ചിലെ താത്കാലിക കടകൾ മിക്കതും നശിച്ച് തകർന്നുവീണു. പ്ലാസ്റ്റിക് ഷീറ്റുകൾ, പാഴ് തടികൾ എന്നിവ ഉപയോഗിച്ചായിരുന്നു മിക്ക കടകളുടെയും നിർമ്മാണം.
ചായ, പലഹാരങ്ങൾ, അച്ചാറുകൾ എന്നിവ വിറ്റ് നിരവധി കുടുംബങ്ങളാണ് ഇവിടെ ഉപജീവനം നടത്തിയിരുന്നത്. നിയന്ത്രണങ്ങളെ തുടർന്ന് വിപണനം നിലച്ചതോടെ കച്ചവടക്കാർക്ക് ഇവിടേക്ക് വരാനും കടകളുടെ അറ്റകുറ്റപണികൾ നടത്താനും കഴിഞ്ഞില്ല. ദിവസങ്ങൾക്ക് മുമ്പുണ്ടായ പെരുമഴയിലാണ് കടകളിൽ മിക്കതും നിലം പൊത്തിയത്.
കടകൾക്ക് പുറമെ ബീച്ചിൽ തിരക്കേറുന്ന സമയത്ത് പട്ടം, കപ്പലണ്ടി, ഐസ്ക്രീം, കളിപ്പാട്ടങ്ങൾ എന്നിവയൊക്കെ വിറ്റ് ജീവിച്ചിരുന്ന നിരവധി പേർ നഗരത്തിലും പരിസരങ്ങളിലുമുണ്ട്. കൊല്ലം ബീച്ചിനെ ആശ്രയിച്ച് ജീവിച്ചിരുന്ന നൂറിലേറെ കുടുംബങ്ങളുടെ ജീവനോപാധിയാണ് കൊവിഡ് കവർന്നത്.