ginger

കൊല്ലം: ഓണത്തിന് മുൻപേ ഇഞ്ചിക്കറിക്ക് രുചിയും മണവും പകരാൻ വിപണിയിൽ വയനാടൻ ഇഞ്ചിയെത്തി. വയനാട്ടിൽ നിന്ന് ലോഡ് കണക്കിന് ഇഞ്ചി തെക്കൻ കേരളത്തിലുൾപ്പെടെ മാർക്കറ്റുകളിൽ സുലഭമായതോടെ നാടൻ ഇഞ്ചിയുടെ ഡിമാ‌ൻഡ് കുറഞ്ഞു. വയനാട്ടിലും കർണാടകയിലും പാട്ടത്തിനെടുത്ത കൃഷി സ്ഥലങ്ങളിൽ വിളയിച്ച ഇഞ്ചിയാണ് ഓണക്കച്ചവടത്തിന് എത്തിയിരിക്കുന്നത്.

കഴിഞ്ഞ തവണ പ്രളയത്തിൽ വയനാട്ടിലുണ്ടായ വൻ കൃഷിനാശം കണക്കിലെടുത്ത് കർണാടകയിലും മറ്റും സ്ഥലം പാട്ടത്തിനെടുത്ത് വൻതോതിലാണ് കർഷക‌ർ കൃഷിയിറക്കിയത്. സംസ്ഥാനത്ത് ഉൾപ്പെടെ ഒരേ സമയം വിളവെടുപ്പ് പൂർത്തിയായതാണ് വിലയിടിയാൻ കാരണം.

വഴിയോരത്തും വാഹനങ്ങളിൽ കൊണ്ടുനടന്നും വിൽപ്പന വ്യാപകമായതോടെ ജില്ലയിലെ കുന്നത്തൂർ, പട്ടാഴി, പത്തനാപുരം, പുനലൂർ മേഖലകളിൽ കൃഷി ചെയ്തിരുന്ന നാടൻ ഇഞ്ചിയുടെ മാർക്കറ്റിനെ ബാധിച്ചിട്ടുണ്ട്. ഡിസംബറിലാണ് സാധാരണ നാടൻ ഇഞ്ചിയുടെ വിളവെടുപ്പെങ്കിലും ഓണം സീസൺ ലാക്കാക്കി കാ‌ർഷിക വിപണികളിൽ നാടൻ ഇഞ്ചി വിൽപ്പനയ്ക്കെത്തിക്കുന്ന ധാരാളം കർഷകരുണ്ട്. കിലോ ഗ്രാമിന് 150 രൂപ വരെ വില ലഭിച്ചിരുന്നു. എന്നാൽ മറുനാടൻ ഇഞ്ചിയുടെ വരവോടെ കർഷകരുടെ പ്രതീക്ഷയും തകന്നിരിക്കുകയാണ്.

വിളവെത്താത്ത വയനാടൻ ഇഞ്ചി

കർഷകർക്ക് ലഭിക്കുന്നത്: 20 രൂപ (കിലോ ഗ്രാം)

വിൽപ്പന വില: 50 രൂപ

നാടൻ ഇഞ്ചി: 150 രൂപ

''

എരിവും രുചിയും കുറവാണെങ്കിലും വിലക്കുറവ് മോഹിച്ച് വീട്ടാവശ്യത്തിന് വയനാടൻ ഇഞ്ചി ആളുകൾ വാങ്ങിയതാണ് നാടൻ ഇഞ്ചിയുടെ പകിട്ട് കെടുത്തിയത്.

കർഷകർ