കുന്നത്തൂർ: മൂന്നര കോടിയുടെ തട്ടിപ്പ് നടത്തിയ പോരുവഴി സർവീസ് സഹകരണ ബാങ്കിലെ സെക്രട്ടറി ഉൾപ്പടെയുള്ള എട്ട് ജീവനക്കാരെ സർവീസിൽ നിന്നും പുറത്താക്കി.തട്ടിപ്പുമായി ബന്ധപ്പെട്ട് പൊലീസ് തയ്യാറാക്കിയ പ്രതിപട്ടികയിൽ ഉൾപ്പെട്ടവരാണ് ഇവർ.സെക്രട്ടറി രാജേഷ് കുമാർ, ബി.എസ് രശ്മി,എം.കെ മനീഷ്, ഹരികൃഷ്ണൻ,സനൂജ, ഷൈലജ ബീവി, വിനിത,മുജീബ് എന്നിവർക്കെതിരെയാണ് വകുപ്പുതല അന്വഷണത്തിന്റെയും ആഭ്യന്തര അന്വഷണത്തിന്റെയും അടിസ്ഥാനത്തിൽ നടപടിയെടുത്തത്. ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയാണ് പുറത്താക്കൽ നടപടി സ്വീകരിച്ചത്.തട്ടിപ്പിൽ ഉൾപ്പെട്ട ഒരു ജീവനക്കാരൻ മരണപ്പെട്ടിരുന്നു. ബാങ്ക് ഭരണസമിതി അംഗങ്ങൾ, ജീവനക്കാർ എന്നിവരിൽ നിന്നും നഷ്ടപ്പെട്ട തുക ഈടാക്കാനാണ് തീരുമാനം. നിക്ഷേപങ്ങൾ,സ്വർണാഭരണങ്ങൾ, പണയ ആധാരങ്ങൾ, ചിട്ടി എന്നിവ ഉപയോഗിച്ചാണ് പ്രതികൾ തട്ടിപ്പ് നടത്തിയിരുന്നത്. തുക തിരികെ എടുക്കുവാൻ നിക്ഷേപകനായ ഒരാൾ എത്തിയപ്പോഴാണ് ആദ്യമായി തട്ടിപ്പ് പുറത്തായത്. സംഭവം പുറത്തായതോടെ നിരവധി പേരാണ് പരാതിയുമായെത്തിയത്. നിക്ഷേപങ്ങൾക്ക് പണമടച്ചതിന്റെ രസീത് നൽകുമെങ്കിലും ബാങ്കിൽ അടച്ചിരുന്നില്ല.നിക്ഷേപങ്ങളും ചിട്ടികളും മറ്റും ലഭിക്കാതെ വന്നതോടെ നിരവധി പാവപ്പെട്ടവർ ദുരിതത്തിലായി.രോഗങ്ങൾ മൂലം കഷ്ടത അനുഭവിച്ചവരും മക്കളുടെ വിവാഹവും വിദ്യാഭ്യാസവും ലക്ഷ്യമാക്കി നിക്ഷേപം നടത്തിയവരുമെല്ലാം കടക്കെണിയിലായി.ജീവനക്കാരുടെ അറിവോടെ സെക്രട്ടറി രാജേഷ് കുമാറായിരുന്നു തട്ടിപ്പിന്റെ മുഖ്യ ആസൂത്രകൻ.ജീവനക്കാരുമൊത്ത് ടൂറുകൾ നടത്തുകയും ആഡംബര ജീവിതം നടത്തുന്നതും പതിവായിരുന്നു.