കുന്നത്തൂർ : കിഫ്ബി ഫണ്ടിൽ നിന്നും 68 കോടി രൂപ ഉപയോഗിച്ച് നിർമ്മാണം നടക്കുന്ന വെറ്റമുക്ക് - താമരക്കുളം റോഡിന്റെ ഭാഗമായുള്ള കരുനാഗപ്പളളി - ശാസ്താംകോട്ട റോഡിൽ നവീകരണം ഇഴഞ്ഞു നീങ്ങുന്നത് ജനജീവിതം ദുസഹമാക്കുന്നു.ഏഴ് മീറ്റർ വീതിയിൽ നടക്കേണ്ട വികസനം കയ്യേറ്റങ്ങൾ ഒഴിപ്പിക്കാതെ അഞ്ച് മീറ്ററിൽ ഒതുങ്ങിയിരിക്കയാണ്.2019 ജൂലായിൽ തുടങ്ങിയ നിർമ്മാണം ഒരു വർഷം കഴിഞ്ഞിട്ടും എങ്ങുമെത്തിയിട്ടില്ല.
പൊടിശല്യവും വെള്ളക്കെട്ടും
മെറ്റൽ ചിതറി കിടക്കുന്നതും പൊടിശല്യവും വെള്ളക്കെട്ടും മൂലം ആ ഭാഗത്തെ ജനജീവിതം ദുഷ്ക്കരമായിരിക്കുകയാണ്. മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിനും ആഞ്ഞിലിമൂടിനും ഇടയിൽ ഇപ്പോഴുള്ള യാത്രയും ദുരിതമാണ്. കുറ്റിയിൽ മുക്ക് മുതൽ ഐ.സി.എസ് ഇംഗ്ഷൻ വരെ ഇളക്കിയ റോഡിൽ മെറ്റൽ ഇട്ട് ഉറപ്പിച്ചിട്ടുണ്ട്.എന്നാൽ ഇവിടം മുതൽ ആഞ്ഞിലിമൂട് വരെ റോഡ് ഇളക്കി ഇട്ടതല്ലാതെ മെറ്റൽ ഉറപ്പിച്ചിട്ടില്ല.അതാണ് ഇത് വഴിയുള്ള യാത്രക്കാരെ ബുദ്ധിമുട്ടിലാക്കുന്നത്.
ഗതാഗതം വഴിതിരിച്ചു വിട്ടിട്ടില്ല
കാര്യക്ഷമമായി വാഹന ഗതാഗതം വഴിതിരിച്ചു വിടാത്തതിനാൽ എല്ലാ വാഹനങ്ങളും നിർമ്മാണം നടന്നുകൊണ്ടിരിക്കുന്ന ഭാഗത്ത് കൂടിയാണ് കടന്ന് പോകുന്നത്.റോഡ് ഇളക്കി മെറ്റൽ വിരിച്ച ഭാഗത്ത് കൂടി വാഹനങ്ങൾ തുടർച്ചയായി കടന്ന് പോകുന്നത് പൊടിശല്യം രൂക്ഷമാക്കുന്നു.ഇതിനാൽ റോഡിന് ഇരുവശങ്ങളിലുമുള്ള വീടുകളിലും വ്യാപാര സ്ഥാപനങ്ങളിലും ഉള്ളവർ വലയുകയാണ്.റോഡിൽ കൂടി സഞ്ചരിക്കുന്നവർക്കും വളരെ ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്.
കടകളും ഹോട്ടലുകളും അടച്ചു
പൊടിശല്യം കാരണം കുറ്റിയിൽ മുക്കിലേയും ഐ.സി.എസിലേയും ഹോട്ടലുകൾ അടക്കമുള്ള വ്യാപാര സ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുകയാണ്.റോഡിൽ ഇളകി കിടക്കുന്ന മെറ്റലുകൾ വാഹനങ്ങൾ പോകുമ്പോൾ തെറിച്ച് റോഡരികിലെ കടകളിലേക്ക് കയറുന്നതും ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നതും നിത്യസംഭവമാണ്.പൊടിശല്യത്തെ കുറിച്ച് വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് കഴിഞ്ഞ ദിവസം ടാങ്കറിൽ വെള്ളം എത്തിച്ച് റോഡിൽ ഒഴിച്ചെങ്കിലും ഒരു പ്രയോജനവുമുണ്ടായില്ല.
റോഡിന്റെ നിർമ്മാണം അടിയന്തിരമായി പൂർത്തീകരിക്കണം . അല്ലാത്ത പക്ഷം ശക്തമായ സമരം ആരംഭിക്കും. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ വൈ.ഷാജഹാൻ,
തോമസ് വൈദ്യൻ,
രവി മൈനാഗപ്പള്ളി