kollam-bypass
കൊല്ലം ബൈപ്പാസിൽ സ്ഥാപിച്ച എൽ.ഇ.‌ഡി തെരുവ് വിളക്കുകളുടെ സ്വിച്ച് ഓൺ കർമ്മം മന്ത്രി ജി. സുധാകരൻ നിർവഹിക്കുന്നു

കൊല്ലം: മലയാളിയുടെ ഗതാഗത സംസ്കാരത്തിന് കാതലായ മാറ്റം വന്നാലെ അപകടങ്ങൾ കുറയ്ക്കാൻ കഴിയുവെന്ന് മന്ത്രി ജി. സുധാകരൻ പറഞ്ഞു. കൊല്ലം ബൈപാസിനെ പൂർണമായും പ്രകാശപൂരിതമാക്കി സ്ഥാപിച്ച 415 എൽ.ഇ.ഡി ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

കോടികൾ ചെലവാക്കി റോഡ് നിർമ്മിച്ചാൽ ഇരുവശങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്ത് നിറയ്ക്കും. നടപ്പാത കച്ചവടക്കാർ കൈയേറും. സമീപത്തെ വീടുകളിൽ നിർമ്മാണ പ്രവർത്തനങ്ങൾ ഉണ്ടെങ്കിൽ ഉപയോഗശൂന്യമായ കട്ടയും മണ്ണും റോഡരികിലേക്ക് തള്ളും. ഇത്തരത്തിൽ സ്വന്തം കാര്യത്തിന് മാത്രം പ്രാമുഖ്യം നൽകുന്ന സംസ്കാരം മാറണം. എങ്കിലേ ഗതാഗത കുരുക്കും റോഡപകടങ്ങളും കുറക്കാൻ കഴിയൂ. ഗതാഗത സംവിധാനമാകെ പുനരാവിഷ്കരിക്കേണ്ടതുണ്ടെന്നും മന്ത്രി പറഞ്ഞു.

എം നൗഷാദ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. എം മുകേഷ് എം.എൽ.എ, മേയർ ഹണി ബഞ്ചമിൻ, ഡെപ്യൂട്ടി മേയർ എസ്. ഗീതാകുമാരി,ചിന്ത എൽ. സജിത്, ചീഫ് എൻജിനീയർ അശോക് കുമാർ എന്നിവർ സംസാരിച്ചു.