kachery

പുനലൂർ: നഗരസഭയിലെ കച്ചേരി റോഡിൽ അനധികൃത വാഹന പാർക്കിംഗ് രൂക്ഷമായത് ഗതാഗത കുരുക്കിനു കാരണമാകുന്നു. കൊവിഡ് വ്യാപനങ്ങളെ തുടർന്ന് ടൗണിലെത്തുന്ന ജനങ്ങൾ ഭയന്നാണ് ഗതാഗതക്കുരുക്കിനിടയിലൂടെ കടന്ന് പോകുന്നത്. ഇതോടെ സാമൂഹിക അകലം പാലിച്ചു നടന്നു പോകാൻ കഴിയാത്തത് ജനങ്ങൾക്കിടയിൽ കടുത്ത ആശങ്കക്ക് കാരണമാകുന്നു. സമ്പർക്കം മൂലം രോഗവ്യാപനംവർദ്ധിച്ചു വരുന്ന സാഹചര്യത്തിലാണ് കച്ചേരി റോഡ് നിറഞ്ഞു വാഹനങ്ങളും കാൽ നടയാത്രികരും കടന്ന് പോകുന്നത്.

ആശങ്കയുണ്ടാക്കുന്ന ഗതാഗതക്കുരുക്ക്

ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നതു താലൂക്ക് ആശുപത്രിക്കു മുന്നിലൂടെ കടന്ന് പോകുന്ന കച്ചേരി റോഡിലാണ്. പാതയോരത്ത് അശാസ്ത്രീയമായി പണിത നടപ്പാതയിലൂടെ കാൽനടയാത്രികർ നടന്നു പോകാൻ മടിക്കുന്നതാണ് ഗതാഗതക്കുരുക്കിൽ അകപ്പെടാൻ മുഖ്യകാരണം. ദിവസവും നൂറുകണക്കിന് വാഹനങ്ങളും കാൽനട യാത്രികരുമാണ് കച്ചേരി റോഡ് വഴി കടന്ന് പോകുന്നത്. ഇത് വഴി രോഗികളുമായി എത്തുന്ന ആംബുലൻസ് ഉൾപ്പടെ ഉള്ള വാഹനങ്ങൾ ഗതാഗത കുരുക്കിൽ അകപ്പെടുന്നത് കടുത്ത ആശങ്കക്ക് ഇടയായിട്ടുണ്ട്.

കെട്ടിടങ്ങൾ നിറഞ്ഞ കച്ചേരി റോഡ്

ഗവ.താലൂക്ക് ആശുപത്രി, ജില്ല കാൻസർ കെയർ സെന്റർ, കോടതികൾ, താലൂക്ക് ഓഫീസ്, താലൂക്ക് സപ്ലൈ ഓഫീസ്, ഇലക്ഷൻ ഓഫീസ്, എംപ്ലോയ്‌മെന്റ് ഓഫീസിൽ, ലേബർ ഓഫീസ്, സബ് രജിസ്റ്റാർ ഓഫീസ് ,​ മൃഗാശുപത്രി, സബ് ട്രഷറി, വനവകുപ്പിന്റെ ഓഫീസുകൾ, നഗരസഭാ കാര്യാലയം. വില്ലേജ് ഓഫീസ്, അക്ഷയ കേന്ദ്രം തുടങ്ങിയ 50 ഓളം സർക്കാർ സ്ഥാപനങ്ങൾക്ക് പുറമെ അഭിഭാഷകരുടെ ഓഫീസുകൾ,15ഓളം മെഡിക്കൽ സ്റ്റോറുകൾ, ലബോറട്ടറി, എക്സറേ സെന്റർ, ഹോസ്പിറ്റൽ പേ വാർഡ് തുടങ്ങിയ സ്ഥാപനങ്ങൾ കച്ചേരി റോഡിന് സമിപത്താണ് സ്ഥിതി ചെയ്യുന്നത്.13 മീറ്റർ മാത്രം വീതിയുള്ള കച്ചേരി റോഡിന്റെ രണ്ട് വശങ്ങളിലും പണിത കെട്ടിടങ്ങളിൽ വാഹന പാർക്കിംഗ് സൗകര്യം കൂടി ഒരുക്കിയിരുന്നെങ്കിൽ ഒരു പരിധിവരെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ കഴിയുമായിരുന്നു.