തൊടിയൂർ: ഒൻപതാംക്ലാസ് വിദ്യാർത്ഥിനി ഹനാഫാത്തിം ആലപിച്ച തുളസിക്കതിർ നുള്ളിയെടുത്തു കണ്ണനൊരു മലയ്ക്കായ് എന്ന ഗാനം സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകുന്നു. പോസ്റ്റ് ചെയ്ത് 72 മണിക്കൂർ പിന്നിടുമ്പേൾ 5500 പേർ ഷെയർ ചെയ്യുകയും രണ്ടു ലക്ഷത്തിൽപ്പരം ആളുകൾ ഈ വീഡിയോ കാണുകയും ചെയ്തു.
തട്ടമിട്ട് നിറഞ്ഞപുഞ്ചിരിയോടെ റെക്കോഡിംഗ് സ്റ്റുഡിയോയിലെ കണ്ടെയ്ൻസർ മൈക്കിനു മുമ്പിൽ മറ്റെല്ലാം മറന്ന് പാടുന്ന ഹനയുടെ ആലാപനം ആളുകൾ ഹൃദയംകൊണ്ട് ഏറ്റെടുത്തുകഴിഞ്ഞു. തൊടിയൂർ മുഴങ്ങോടി മേച്ചിരയ്യത്ത് നൗഷാമുദീന്റെയും ജസീലയുടെയും മകളാണ് കരുനാഗപ്പള്ളിഗവ:മോഡൽ ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർത്ഥിനിയായ ഹനാഫാത്തിം. നാലാം ക്ലാസ് മുതൽ ശാസ്ത്രീയ സംഗീതം അഭ്യസിച്ചു തുടങ്ങിയ ഹനനിരവധി മുസ്ലിം ഭക്തിഗാനആൽബങ്ങളിലും പാടിയിട്ടുണ്ട്. കഴിഞ്ഞ സംസ്ഥാന സ്ക്കൂൾ കലോത്സവത്തിൽ മാപ്പിളപ്പാട്ടിനും സംഘഗാനത്തിനും എ ഗ്രേഡ് കരസ്ഥമാക്കിയിരുന്നു. പണ്ഡിറ്റ് ദത്താത്രേയവാലങ്കറിന്റെ ശിക്ഷണത്തിൽ ഹിന്ദുസ്ഥാനി സംഗീതം അഭ്യസിച്ചിട്ടുണ്ട്.പ്രശസ്ത പിന്നണി ഗായകൻ നൗഷാദും ഹനയുടെ ഗുരുവാണ്.ഹനയുടെസഹോദരി ഹംദാ ഫാത്തിമും സംഗീതരംഗത്ത് സജീവമാണ്. ഇടക്കുളങ്ങര ചാച്ചാജി സ്കൂൾ പ്രിൻസിപ്പലും കുടുംബ സുഹൃത്തുമായ ആർ.സനജനാണ് ഈ വീഡിയോ ആൽബംചെയ്യാൻ ഹനയെ പ്രേരിപ്പിച്ചത്.കൊച്ചു കുട്ടിയായിരിക്കുമ്പോൾ മുതൽ ഒട്ടേറെ പൊതുവേദികളിൽ ഹന പാടിയിട്ടുണ്ട്. അറിയപ്പെടുന്ന ഗായിക അകണമെന്നാ ഹനയുടെ ആഗ്രഹത്തിന് പിന്തുണയുമായി ഒരു നാടുമുഴുവൻ ഒപ്പമുണ്ട്. പാട്ട് വൈറലായതോടെ അഭിനന്ദനങ്ങളും എത്തി. ആർ.രാമചന്ദ്രൻ എം .എൽ. എ വീട്ടിൽ എത്തി ഹനയെ അനുമോദിച്ചു.ഹനയുടെ വീടിന് സമീപത്തെ ഹാരീ സ്റ്റുഡിയോ ഉടമയും ബന്ധുവുമായ ഹാരീസിന്റെ ഫേസ് ബുക്കായ 'ഹാരീസ്ഹാരി' എന്ന അക്കൗണ്ടിലാണ് വൈറലായ ഈ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.