നൂറ് ചാക്കോളം അരി കത്തിനശിച്ചു
കാരണം കണ്ടെത്താൻ ഇന്ന് പരിശോധന
കൊല്ലം: നഗര അതിർത്തിയിൽ എഫ്.സി.ഐ ഗോഡൗണിൽ വൻ തീപിടിത്തം. കടപ്പാക്കട ടൗൺ അതിർത്തിയിലെ ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ 100 ചാക്കോളം അരി കത്തി നശിച്ചു. തീപിടിച്ചയുടൻ തന്നെ സംഭവം ശ്രദ്ധയിൽപ്പെട്ടതിനാൽ വൻ ദുരന്തം ഒഴിവായി.
ഗോഡൗണിന് മുകളിലെ വെന്റിലേഷനിലൂടെ തീയും പുകയും ഉയരുന്നത് കണ്ട നാട്ടുകാരും കൊല്ലം ഈസ്റ്റ് പൊലീസ് സ്റ്റേഷനിലെ സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനുമാണ് ഫയർഫോഴ്സിനെ വിവരം അറിയിച്ചത്. കടപ്പാക്കട ഫയർ സ്റ്റേഷനിൽ നിന്ന് അസി. സ്റ്രേഷൻ ഓഫീസർ ദിലീപിന്റെ നേതൃത്വത്തിൽ രണ്ട് യൂണിറ്റ് ഫയർഫോഴ്സെത്തി ഗേറ്റിന്റെ പൂട്ട് പൊളിച്ച് അകത്തുകടന്നാണ് തീയണയ്ക്കുന്നതിന് വേണ്ട നടപടികൾ സ്വീകരിച്ചത്.
മൂവായിരം ചാക്കോളം അരി സൂക്ഷിച്ചിരുന്ന ഗോഡൗണിൽ ഏറ്റവും മുകളിലുള്ള അട്ടിയിലാണ് തീപിടിച്ചത്. ഒരുമണിക്കൂറോളം സമയമെടുത്ത് വെള്ളം സ്പ്രേ ചെയ്താണ് തീ കെടുത്തിയത്. വൻതോതിൽ വെള്ളം പമ്പ് ചെയ്താൽ ലക്ഷകണക്കിന് രൂപയുടെ അരി നശിച്ചുപോകുമെന്നതിനാൽ ഏറെ കരുതലോടെയായിരുന്നു ഫയർഫോഴ്സിന്റെ ഓപ്പറേഷൻ.
സുരക്ഷാ ജീവനക്കാരൻ മാത്രമാണ് ഈ സമയം ഗോഡൗണിലുണ്ടായിരുന്നത്. ഇയാൾ അറിയിച്ചതനുസരിച്ച് എഫ്.സി.ഐ ഉദ്യോഗസ്ഥരും ചുമട്ട് തൊഴിലാളികളും സ്ഥലത്തെത്തി തീപിടിത്തമുണ്ടായ ഭാഗത്ത് നിന്ന് ചാക്കുകൾ നീക്കി തീ കൂടുതൽ ഭാഗങ്ങളിലേക്ക് വ്യാപിക്കാതെ തടഞ്ഞു. തുടക്കത്തിൽ തന്നെ കണ്ടെത്തിയതിനാൽ പരിസരത്തെ ബാർ ഹോട്ടലിലേക്കോ വ്യാപാര സ്ഥാപനങ്ങളിലേക്കോ തീപടരാതെയും രക്ഷിക്കാനായി. തീ അണയ്ക്കാനുള്ള ശ്രമത്തിനിടെ നിരവധി ചാക്കുകൾ വെള്ളത്തിൽ കുതിർന്നതിനാൽ നാശനഷ്ടം കൃത്യമായി കണക്കാക്കപ്പെട്ടിട്ടില്ല.
കാരണം അജ്ഞാതം,പരിശോധന ഇന്ന്
ഗോഡൗണിലെ മുകൾനിരയിൽ അടുക്കിയിരുന്ന ചാക്കുകളിലാണ് തീപിടിത്തമുണ്ടായത്. ഭിത്തിയ്ക്കുള്ളിലൂടെ വയറിംഗ് നടത്തിയിരിക്കുന്ന ഗോഡൗണിൽ ഷോർട്ട് സർക്യൂട്ടിലൂടെ തീപിടിത്തതിനുള്ള സാദ്ധ്യത വിരളമാണ്. പൂർണമായും അടച്ചുപൂട്ടിയ ഗോഡൗണിൽ വെന്റിലേഷനും വളരെ ഉയരത്തിലാണ്. ചുറ്റുമതിലും ഗേറ്റുമുള്ള ഗോഡൗണിന്റെ കാവലിന് സെക്യൂരിറ്റി ജീവനക്കാരനുള്ളതിനാൽ പുറത്ത് നിന്നാർക്കും ഇതിനുള്ളിൽ പ്രവേശിക്കാനും കഴിയില്ല. ഈ സാഹചര്യത്തിൽ തീപിടിത്തമുണ്ടായതെങ്ങനെയെന്ന് കണ്ടെത്താൻ ഇന്ന് ജില്ലാ ഫയർഫോഴ്സ് മേധാവി ഹരികുമാറിന്റെ നേതൃത്വത്തിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് ജീവനക്കാരും പൊലീസും എഫ്.സി.ഐ ഉദ്യോഗസ്ഥരും ഗോഡൗണിൽ പരിശോധന നടത്തും.