കൊട്ടാരക്കര: കോട്ടാത്തല പണയിൽ മലയാളി ലൈബ്രറിയുടെ നേതൃത്വത്തിൽ ഓൺലൈൻ ഓണാഘോഷം സംഘടിപ്പിക്കുന്നു. പൂക്കള മത്സരം, കവിതാരചന, കഥാരചന, ഉപന്യാസം, ചിത്രരചന, ഓണപ്പാട്ട്, ലളിതഗാനം, ചലച്ചിത്രഗാനം, ഡാൻസ് തുടങ്ങി വിവിധ ഇനം മത്സരങ്ങളാണ് നടത്തുക. കൊവിഡ് പശ്ചാത്തലത്തിൽ അവരവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ മത്സരങ്ങളിൽ പങ്കെടുക്കാനാണ് അവസരം ഒരുക്കുന്നത്. പ്രദേശത്തെ മുഴുവൻ കുടുംബ അംഗങ്ങളെയും ഉൾപ്പെടുത്തി വാട്സ് ആപ് കൂട്ടായ്മയും രൂപീകരിച്ചിട്ടുണ്ട്. ഈ കൂട്ടായ്മയിലെ അംഗങ്ങളിൽ നിന്നും നറുക്കെടുപ്പിലൂടെ എല്ലാ ദിവസവും ഭാഗ്യശ്രീ സമ്മാനവും നൽകുന്നുണ്ട്. കൊവിഡിന്റെ നിയന്ത്രണങ്ങൾക്ക് അയവുണ്ടായാൽ മറ്റ് മത്സരങ്ങളും നടത്തുമെന്ന് പ്രസിഡന്റ് ബി.എസ്.ഗോപകുമാറും സെക്രട്ടറി ഡി.സുഭാഷ് ചന്ദും അറിയിച്ചു. മത്സര വിജയികൾക്ക് സമ്മാനവും വീടുകളിൽ എത്തിച്ചുനൽകും.