പരവൂർ: കടലിൽ കാണാതായ മത്സ്യത്തൊഴിലാളിയുടെ മൃതദേഹം കഴിഞ്ഞ ദിവസം ഇടവ മാന്ത്ര ഭാഗത്ത് കരയ്ക്ക് അടിഞ്ഞു. തെക്കുംഭാഗം മൂലയിൽ പണ്ടാരഴികത്ത് വീട്ടിൽ നസീറാണ് (45) മരിച്ചത്.
ഞായറാഴ്ച രാവിലെയാണ് ബന്ധുവായ സജീറിനൊപ്പം കടലിൽ പോയത്. ശക്തമായ ചുഴിയിൽപ്പെട്ട് കട്ടമരം മറിഞ്ഞു. സജീർ നീന്തി രക്ഷപ്പെട്ടെങ്കിലും നസീറിന് കരയിലെത്താനായില്ല. കോസ്റ്റൽ പൊലീസും മറൈൻ എൻഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളും തെരച്ചിൽ നടത്തിവരികയായിരുന്നു. ഇരുവരും നേരത്തെ യു.എ.ഇയിലായിരുന്നു. നസീർ ലോക് ഡൗണിന് മുൻപ് നാട്ടിലെത്തിയിരുന്നു. കൊവിഡ് വ്യാപനത്തെ തുടർന്ന് തിരിച്ചുപോകാനായില്ല. വിദേശത്ത് നിന്ന് നാട്ടിലെത്തിയ സജീർ ക്വാറന്റൈൻ കഴിഞ്ഞ ശേഷമാണ് മറ്റ് മാർഗമില്ലാതെ മത്സ്യബന്ധനത്തിന് ഇറങ്ങിയത്. ഇരുവരും ഗൾഫിലും മത്സ്യബന്ധനത്തിന് പോകാറുണ്ടായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു.