കൊല്ലം: ഓണത്തെ ലഹരിയിൽ മുക്കാൻ സ്പിരിറ്റ് മാഫിയയുടെ ശ്രമം. കൊവിഡ് വ്യാപനം ഭയന്ന് സംസ്ഥാനത്ത് ബെവ്കോ ആപ്പ് മുഖാന്തിരം മദ്യം പാഴ്സലായി മാത്രം വിതരണം ചെയ്യുന്ന സാഹചര്യം മുതലെടുത്താണ് ഓണക്കാലത്ത് വ്യാജമദ്യം വ്യാപകമായി വിൽക്കാൻ മാഫിയ തയാറെടുക്കുന്നത്. ഇതിനായി ഗോവയിൽ നിന്നും കർണാടകയിൽ നിന്നുമാണ് ലക്ഷക്കണക്കിന് ലിറ്റർ സ്പിരിറ്റ് കേരളത്തിലേക്ക് ഒഴുക്കുന്നത്. ഇത് തിരിച്ചറിഞ്ഞ് എക്സൈസും പൊലീസും പരിശോധന ശക്തമാക്കിയിട്ടുണ്ട്. എങ്കിലും ഇവരുടെ കണ്ണുവെട്ടിച്ച് സ്പിരിറ്റ് കേരളത്തിൽ എത്തുന്നുണ്ടെന്നാണ് വിവരം.
കേരളത്തിൽ ഏറ്റവുമധികം മദ്യം വിറ്റഴിക്കപ്പെടുന്ന സമയമാണ് ഓണക്കാലം. ഇത് മുതലെടുക്കുകയാണ് സ്പിരിറ്റ് മാഫിയയുടെ ലക്ഷ്യം. കൊവിഡ് കാലത്ത് വാഹനപരിശോധനയ്ക്കുള്ള പരിമിതികൾ മതലെടുത്താണ് കടത്ത്. അന്യസംസ്ഥാന രജിസ്ട്രേഷനുള്ള വാഹനങ്ങൾ ചെക്ക് പോസ്റ്റുകളിൽ പരിശോധനയ്ക്ക് വിധേയമാക്കുന്നുണ്ടെങ്കിലും സാമൂഹ്യ അകലം പാലിച്ചും വാഹന ഡ്രൈവറെ മാത്രം ചോദ്യം ചെയ്തും ബില്ലുകളുൾപ്പെടെ രേഖകൾ പരിശോധിച്ചും ലോഡ് കടത്തിവിടുന്നതാണ് നിലവിലെ രീതി.
മദ്യക്ഷാമവും പരിശോധനയുടെ പരിമിതികളും അവസരമാക്കി ഓണത്തിന് വ്യാജ മദ്യം നിർമ്മിക്കാനും കള്ള് ഷാപ്പുകളിൽ വ്യാജക്കള്ള് നിർമ്മാണത്തിനുമായാണ് മാഫിയാ സംഘങ്ങൾ സ്പിരിറ്റ് സംഭരിക്കുന്നത്. ഒരു ലിറ്ററിന് 450 രൂപാവരെയാണ് സ്പിരിറ്റിന്റെ ചില്ലറ വിൽപ്പന വില. നേർപകുതിയാണ് കടത്തുകാരുടെ ലാഭം. ഒരു ലിറ്ററിൽ അഞ്ചിരട്ടി വെള്ളം ചേർത്താണ് വ്യാജന്റെ നിർമ്മാണം. അഞ്ഞൂറ് രൂപയിൽ താഴെ മുതൽ മുടക്കി വാങ്ങുന്ന സ്പിരിറ്റ് മദ്യമാക്കി 2500 രൂപവരെ ലാഭം കൊയ്യും.
പല കൈ മറിയും
സംസ്ഥാന അതിർത്തികളിലെ ഗോഡൗണുകളിൽ കന്നാസുകളിലാക്കി സംഭരിച്ച് സൂക്ഷിക്കുന്ന സ്പിരിറ്റ് ആഡംബര കാറുകളിലെ അറകളിലും ചരക്ക് വാഹനങ്ങൾക്കുള്ളിലും ഒളിപ്പിച്ചാണ് കടത്തുന്നത്. അന്തർ സംസ്ഥാന സ്പിരിറ്റ് മാഫിയയും ചില്ലറക്കച്ചവടക്കാരും തമ്മിൽ ഒരുതരത്തിലും ബന്ധപ്പെടാത്ത വിധമാണ് കച്ചവടം. ഇടനിലക്കാരുടെ പലകൈ മറിഞ്ഞേ വാഹനം സ്പിരിറ്റ് ഗോഡൗണിലെത്തൂ. സ്പിരിറ്റ് ലോഡ് ചെയ്താൽ വാഹനം താക്കോൽ സഹിതം സുരക്ഷിത സ്ഥാനത്തെത്തിച്ച് വണ്ടി കിടക്കുന്ന സ്ഥലം പണം കൈമാറിയ ആൾക്ക് പറഞ്ഞുകൊടുക്കുന്നതാണ് രീതി. ഇതുകാരണം സ്പിരിറ്റ് എവിടെ നിന്നാണ് കൊണ്ടുവന്നതെന്നോ ആരാണ് എത്തിച്ചതെന്നോ ആർക്കാണെന്നോ ഇടനിലക്കാരിൽ പലർക്കും അറിയില്ല. വാഹനം സ്പിരിറ്റ് സഹിതം പിടികൂടിയാൽ ഒന്നോ രണ്ടോ കണ്ണികൾക്ക് അപ്പുറത്തേക്കോ ഉറവിടത്തിലേക്കോ അന്വേഷണം നീളാത്തതിനാൽ അന്തർ സംസ്ഥാന കടത്തുകാർ എപ്പോഴും സുരക്ഷിതരായിരിക്കും. കല്ലുവാതുക്കലും പള്ളിക്കലും അഞ്ചലുമുൾപ്പെടെ ഒട്ടനവധി ദുരന്തങ്ങൾ ഉണ്ടായ കേരളത്തിൽ തദ്ദേശ സ്വയം ഭരണ - നിയമസഭാ തിരഞ്ഞെടുപ്പുകൾ പടിവാതിലിലെത്തി നിൽക്കെ മദ്യ ദുരന്തം പോലുള്ള അട്ടിമറികൾക്ക് സാദ്ധ്യതയുണ്ടെന്ന ഇന്റലിജൻസ് മുന്നറിയിപ്പും നിലവിലുണ്ട്.
അഞ്ചിരട്ടി ലാഭം
ഒരു ലിറ്ററിന് അഞ്ഞൂറ് രൂപയിൽ താഴെ വില നൽകി വാങ്ങുന്ന സ്പിരിറ്റ് നാലിരട്ടി വെള്ളവും രുചിയ്ക്കും മണത്തിനും ആവശ്യമായ രാസവസ്തുക്കളും കളറും കലർത്തി പ്രമുഖ ബ്രാന്റുകളുടെ പേരിൽ കുപ്പികളിൽ നിറച്ച് വ്യാജസ്റ്റിക്കറും ഹോളോഗ്രാമും പതിച്ചാൽ ഒറിജിനലിനെ വെല്ലും. മദ്യം കിട്ടാക്കനിയായതിനാൽ ചോദിക്കുന്ന വിലയ്ക്ക് ഓണം സീസണിൽ വിറ്റഴിക്കാനുമാകും. കൊവിഡിനെ തുടർന്ന് സാമ്പത്തിക പ്രതിസന്ധിയിൽപ്പെട്ട് നാട്ടിലെത്തിയവരും ക്രിമിനൽ പശ്ചാത്തലമുള്ളവരും മുമ്പ് അബ്കാരി കുറ്റകൃത്യങ്ങളിൽ പ്രതികളായവരും ലാഭക്കൊതിയൻമാരും സാഹചര്യം മുതലെടുക്കാൻ സാദ്ധ്യതയേറെയാണ്.
ആമ്പല്ലൂരിൽ പിടിച്ചത്
ആലപ്പുഴ വരെയുള്ളത്
തൃശൂരിന് സമീപം ആമ്പല്ലൂരിൽ നിന്ന് കഴിഞ്ഞദിവസം സംസ്ഥാന എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡ് പിടികൂടിയ 2,450 ലിറ്റർ സ്പിരിറ്റ് ആലപ്പുഴ ജില്ലയിൽ വരെ ചില്ലറ വിൽപ്പനയ്ക്കായി എത്തിച്ചതാണെന്ന വിവരം പുറത്തായി. സ്പിരിറ്റുമായി പിടിയിലായ കുപ്രസിദ്ധ അബ്കാരി കുറ്റവാളികളായ ദയാനന്ദൻ, ജെയിംസ് എന്നിവരെ ചോദ്യം ചെയ്തതിൽ നിന്നാണ് വടക്കൻ കേരളത്തിലും മദ്ധ്യകേരളത്തിലും തെക്കൻ കേരളത്തിലുമുള്ള വ്യാജ മദ്യ നിർമ്മാതാക്കളും കള്ളുഷാപ്പുകാരും സ്പിരിറ്റിന് ബന്ധപ്പെട്ടിരുന്നതിന്റെ വിവരങ്ങൾ ലഭിച്ചത്. ടാങ്കർ ലോറിയിൽ സ്പിരിറ്റ് കടത്തിയതിനും വ്യാജ മദ്യ നിർമ്മാണമുൾപ്പെടെയുളള കുറ്റകൃത്യങ്ങൾക്കും പലതവണ പിടിക്കപ്പെട്ട ഇവരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തിന്റെ പലഭാഗങ്ങളിലായി നിരവധി പേർ എക്സൈസ് എൻഫോഴ്സ്മെന്റ് സ്ക്വാഡിന്റെ നിരീക്ഷണത്തിലാണ്.