banana

 പ്രതീക്ഷിച്ച വില ലഭിക്കുന്നില്ല

കൊല്ലം: ഓണത്തിന് പത്തുനാൾ ശേഷിക്കുമ്പോഴും ജില്ലയിലെ നേന്ത്രവാഴ കർഷകർക്ക് പ്രതീക്ഷിച്ച നേട്ടമില്ല. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രെമോഷൻ കൗൺസിലിന്റെ ഭരണിക്കാവ് വിപണന കേന്ദ്രത്തിലെ കഴിഞ്ഞ ചന്തയിൽ കിലോയ്ക്ക് 53 രൂപയാണ് കർഷകന് ലഭിച്ച പരമാവധി വില.

കഴിഞ്ഞ ഓണക്കാലത്ത് ഇതിനേക്കാൾ കൂടുതൽ വില ലഭിച്ചിരുന്നു. ഓണത്തോട് അടുക്കുന്ന ദിവസങ്ങളിൽ കൂടുതൽ വില ലഭിക്കുമെന്ന വിശ്വാസത്തിലാണ് കർഷകർ. ഓണ വിപണി പ്രതീക്ഷിച്ച് വിളവിറക്കിയ കർഷകർക്ക് ആദ്യ പ്രഹരം നൽകിയത് കൊവിഡ് പ്രതിസന്ധിയാണ്. കൊവിഡ് മാന്ദ്യത്തിൽ നിന്ന് വിപണി തിരികെ കയറും മുമ്പ് തന്നെ പെരുമഴയും കാറ്റുമെത്തിയപ്പോൾ നിലംപൊത്തിയത് 35,000 ത്തിലേറെ മൂപ്പെത്താറായ ഏത്ത വാഴകളാണ്. കൊവിഡിനെയും പെരുമഴയെയും മറികടന്ന് ഓണ വിപണിയിൽ ഏത്തക്കുലകൾ എത്തിക്കുന്ന കർഷകന് മുടക്ക് മുതലിന് ആനുപാതികമായി വില ലഭിച്ചില്ലെങ്കിൽ പ്രതിസന്ധിയുടെ ആഴമേറും.

ഇതിനിടെ അതിർത്തി കടന്ന് ഓണവിപണി ലക്ഷ്യമാക്കി വൻ തോതിൽ നേന്ത്രക്കുലകൾ എത്തുന്നതും വെല്ലുവിളിയാണ്. തമിഴ്നാട് കുലകൾ ലോക്ക് ഡൗണിന്റെ ആദ്യ നാളുകളിൽ 100 രൂപയ്ക്ക് നാല് കിലോ വരെ ഉപഭോക്താക്കൾക്ക് നൽകിയിരുന്നു. ഇപ്പോൾ ശരാശരി 30 രൂപയ്ക്ക് ഇത്തരം കുലകൾ വിപണിയിൽ ലഭ്യമാണ്.

പെരുമഴയിൽ നിലംപൊത്തിയ

ഏത്തവാഴകൾ: 35,000

നേന്ത്രക്കായ

നാടൻ: 53 രൂപ (കിലോ ഗ്രാം)

(കഴിഞ്ഞ ചന്തയിലെ വില)
മറുനാടൻ: 30 രൂപ

നാല് കിലോ: 100 രൂപ

''

നാടൻ കുലകളേക്കാൾ ഗുണനിലവാരം കുറഞ്ഞ മറുനാടൻ കുലകൾ താരതമ്യേന കുറഞ്ഞ വിലയിൽ ലഭ്യമാക്കുമ്പോൾ ഒരു വിഭാഗം ഉപഭോക്താക്കൾ അതിനെ ആശ്രയിക്കുന്നുണ്ട്.

വ്യാപാരികൾ