മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ്
കൊല്ലം: ഓണപ്പാച്ചിൽ തുടങ്ങിയതോടെ ഭക്ഷ്യപദാർത്ഥങ്ങളിലെ മായം കണ്ടെത്താൻ ഭക്ഷ്യസുരക്ഷാ വകുപ്പ് ജില്ലയിൽ പരിശോധന കർശനമാക്കി. ജില്ലാ ഭക്ഷ്യ സുരക്ഷാ അസി. കമ്മിഷണറുടെ കീഴിലുള്ള മൂന്ന് സ്ക്വാഡുകൾക്ക് പുറമേ സ്പെഷ്യൽ സ്ക്വാഡ് കൂടി രംഗത്തിറങ്ങിയതോടെ റോഡുകളിലും വ്യാപാരശാലകളിലും അതിർത്തികളിലും ഭക്ഷ്യ സുരക്ഷാ പരിശോധന പഴുതടച്ചതായി.
17 മുതലാണ് ജില്ലയിൽ ഭക്ഷ്യസുരക്ഷാ സ്ക്വാഡുകൾ പരിശോധന വ്യാപിപ്പിച്ചത്. വ്യാപാര സ്ഥാപനങ്ങൾ, ഭക്ഷണ വസ്തുക്കളുമായി വരുന്ന വാഹനങ്ങൾ, മത്സ്യ ചന്തകൾ, മത്സ്യവാഹനങ്ങൾ, പാൽ, പച്ചക്കറി, എണ്ണകൾ, കുടിവെള്ളം, കറിപൗഡറുകൾ തുടങ്ങിയ വസ്തുക്കളുടെ സാമ്പിളുകളാണ് പരിശോധനയ്ക്കായി ശേഖരിക്കുന്നത്. പാൽ, എണ്ണ, കുടിവെള്ളം തുടങ്ങിയ വസ്തുക്കളിലെ മായം കണ്ടുപിടിക്കാൻ കൊല്ലം ജില്ലയിലേക്ക് മൊബൈൽ ഫുഡ് സേഫ്ടി ലാബ് അനുവദിച്ചതാണ് മുൻവർഷങ്ങളെ അപേക്ഷിച്ച് ഈ വർഷത്തെ നേട്ടം.
ഓണക്കച്ചവടം ലാക്കാക്കി തമിഴ്നാട് ഉൾപ്പെടെയുള്ള അയൽ സംസ്ഥാനങ്ങളിൽ നിന്ന് വിവിധ ഇനം ഭക്ഷ്യ എണ്ണകൾ, പാൽ എന്നിവ ധാരാളമായി കേരളത്തിലേക്ക് കൊണ്ടുവരാറുണ്ട്. ഗുണനിലവാരമില്ലാത്തതും കലർപ്പുള്ളതുമായ എണ്ണകൾ ഓണം സീസണിൽ കേരളത്തിൽ ധാരാളമായി വിറ്റുപോകാറുണ്ട്. ആരോഗ്യത്തിന് ഹാനികരമായ മിനറൽ ഓയിൽ, ഗുണനിലവാരമില്ലാത്ത പാംകെർണൽ ഓയിൽ എന്നിവയാണ് ഭക്ഷ്യ എണ്ണകളിൽ കലർത്തുന്നത്. ഹൈഡ്രജൻ പെറോക്സൈഡ്, ഫോർമാലിൻ തുടങ്ങിയവയാണ് പാലിലെ വില്ലൻമാർ. പി.എച്ച് മൂല്യമില്ലാത്തതും കോളിഫോം ബാക്ടീരിയകൾ കലർന്നതുമായ കുടിവെള്ളവും ജില്ലയിൽ വിറ്റഴിക്കുന്നുണ്ട്. ഇത്തരത്തിലുള്ള സാധനങ്ങളുടെ സാമ്പിൾ ശേഖരിച്ചാണ് പരിശോധന തുടരുന്നത്.
പിന്നാലെയുണ്ട് സ്ക്വാഡുകൾ
1. ഫുഡ് സേഫ്ടി ഓഫീസർമാരുടെ നേതൃത്വത്തിൽ മൂന്ന് സ്ക്വാഡുകൾ
2. റവന്യൂ, പൊലീസ്, ആരോഗ്യം, ഭക്ഷ്യസുരക്ഷാ വകുപ്പുകളുടെ നേതൃത്വത്തിൽ ജില്ലാ സ്പെഷ്യൽ സ്ക്വാഡ്
3. ജില്ലയിലെ ചെറുതും വലതുമായ എല്ലാ മാർക്കറ്റുകളിലും പരിശോധന
4. മസാലപ്പൊടികൾ, പായസക്കൂട്ട്, അരി, പച്ചക്കറി സാമ്പിളുകൾ ശേഖരിക്കുന്നു
5. ആര്യങ്കാവ് ചെക്ക് പോസ്റ്റിൽ പ്രത്യേക സ്ക്വാഡ് 24 മണിക്കൂറും
പരിശോധനാ വിവരം
ഓണക്കാല പരിശോധനകൾ: 214
സാമ്പിളുകളുടെ എണ്ണം: 2,463
പിഴ: 45,000
പരാതികൾ അറിയിക്കാം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ടോൾ ഫ്രീ നമ്പരായ 18004251125, ജില്ലാ ഭക്ഷ്യ സുരക്ഷാ ഓഫീസറുടെ ഇ - മെയിൽ വിലാസമായ dfikollam@gmail.com ലോ പരാതികൾ അറിയിക്കാം.
''
ഓണത്തോടനുബന്ധിച്ച് ഭക്ഷ്യ സുരക്ഷാ പരിശോധനകൾ ജില്ലയിൽ ശക്തമാണ്. ഓരോ ദിവസവും പല സ്ഥലങ്ങളിലായാണ് പരിശോധന. മിൽമ, ക്ഷീരവികസന വകുപ്പ് എന്നിവയുടെ സഹായത്തോടെ ആര്യങ്കാവ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പാൽ പരിശോധന ശക്തമാക്കി.
ദിലീപ്, ജില്ലാ ഭക്ഷ്യ സുരക്ഷാ
അസി. കമ്മിഷണർ, കൊല്ലം