medical-college

കൊല്ലം: കൊവിഡ് പരിശോധനാഫലം വൈകുന്നതും പോസ്റ്റ്മോർട്ടം നീളുന്നതും കാരണം മെഡിക്കൽ കോളേജുകളിലെയും ജില്ലാ ജനറൽ ആശുപത്രികളിലെയും മോർച്ചറികളിൽ മൃതദേഹങ്ങൾ നിറയുന്നു. സ്രവം ശേഖരിച്ചാലുടൻ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടത്താൻ കേന്ദ്ര നിർദ്ദേശമുണ്ടെങ്കിലും രോഗവ്യാപന ഭയം കാരണം റിസൾട്ട് വരുന്നതുവരെ കാത്തിരിക്കുകയാണ്. അതിനാൽ അതുവരെ മൃതദേഹങ്ങൾ മോർച്ചറിയിൽതന്നെ സൂക്ഷിക്കേണ്ടിവരുന്നതാണ് പ്രതിസന്ധിക്ക് കാരണം. ക്വാറന്റൈൻ കേന്ദ്രങ്ങളിലോ വീടുകളിലോ നിരീക്ഷണത്തിലിരിക്കെ മരിക്കുന്നവർക്ക് ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നിർബന്ധമാണ്. കൊവിഡ് ബാധിച്ചിട്ടുണ്ടോ എന്നറിയാൻ ട്രൂനാറ്റ്, ആർ.ടി - പി.സി.ആർ, പബ്ളിക് ഹെൽത്ത് ലാബിൽ നടത്തുന്ന ജീൻ എക്സ്പർട്ട് എന്നിവയിൽ ഏതെങ്കിലും പരിശോധന നടത്തണം. ഇതിന്റെ ഫലം ലഭ്യമായാലേ ഇൻക്വസ്റ്റും പോസ്റ്റുമോർട്ടവും നടക്കൂ. എന്നാൽ സമയബന്ധിതമായി പരിശോധനാഫലം ലഭിക്കാത്തതിനാൽ മൃതദേഹങ്ങൾ ഒന്നോ രണ്ടോ ദിവസം വരെ മോ‌ർച്ചറികളിൽ സൂക്ഷിക്കേണ്ടിവരികയാണ്.

സ്രവപരിശോധനയുടെയും ആർ.ടി - പി.സി.ആർ ടെസ്റ്റിന്റെയും ഫലം ലഭിക്കാൻ കുറഞ്ഞത് ഒരുദിവസം വേണം. ട്രൂനാറ്റ്, ജീൻ എക്സ്പർട്ട് പരിശോധനാഫലം രണ്ട് മണിക്കൂറിനകം ലഭിക്കുമെങ്കിലും സാമ്പിളുകളിലെ വർദ്ധനവ് ഫലം വൈകാൻ കാരണമാകുന്നുണ്ട്. പരിശോധനാഫലത്തിന്റെ അടിസ്ഥാനത്തിൽ പൊലീസെത്തി ഇൻക്വസ്റ്റ് പൂർത്തിയാക്കാൻ ഒന്നരമണിക്കൂർ വേണ്ടിവരും.

കൊവിഡ് പരിശോധന നിർബന്ധം

മെഡിക്കോ ലീഗൽ കേസുകളിലും സംശയാസ്പദ മരണങ്ങളിലുമാണ് പോസ്റ്റുമോർട്ടം ആവശ്യമായുള്ളത്. അതേസമയം കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്യുന്നതിനും ഇൻക്വസ്റ്റ് നടപടികൾക്കും കൊവിഡ് പരിശോധനാഫലം നിർബന്ധമാണ്. നിരീക്ഷണത്തിലിരിക്കെ മരിച്ച പലർക്കും മരണകാരണം കൊവിഡാണെന്ന് സ്ഥിരീകരിക്കപ്പെട്ടതോടെ ഇൻക്വസ്റ്റ് നടപടികൾക്ക് കൊവിഡ് പരിശോധനാഫലം നിർബന്ധമാക്കി. സമൂഹവ്യാപനവും മറ്റൊരു കാരണമായി.


മൃതദേഹങ്ങൾ കൂടി, ചെലവും

ഒരേസമയം 48 മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമുള്ള അത്യാധുനിക മോർച്ചറിയാണ് തിരുവനന്തപുരം മെഡിക്കൽ കോളേജിനുള്ളത്. എന്നാൽ, ഇന്നലത്തെ കണക്ക് പ്രകാരം 53 മൃതദേഹങ്ങളാണ് സൂക്ഷിച്ചിരിക്കുന്നത്. കൊവിഡ് ആശുപത്രിയായ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ പത്ത് മൃതദേഹങ്ങൾ സൂക്ഷിക്കാൻ സൗകര്യമുണ്ട്. 12 മൃതദേഹമാണ് ഇന്നലെ ഉണ്ടായിരുന്നത്. പാരിപ്പള്ളി മെഡിക്കൽ കോളേജ്, കൊല്ലം ജില്ലാ ആശുപത്രി എന്നിവിടങ്ങളിലും മോർച്ചറിയുടെ പരമാവധി ശേഷിയെത്തിക്കഴിഞ്ഞു. ഇൻക്വസ്റ്റ്, പോസ്റ്റുമോർട്ടം നടപടികൾ സർക്കാരിന് സാമ്പത്തിക ബാദ്ധ്യതയും സൃഷ്ടിക്കുന്നുണ്ട്. പി.പി.ഇ കിറ്റുകൾ, മൃതദേഹം സുരക്ഷിതമായി പായ്ക്ക് ചെയ്യാനുള്ള ബോഡി ബാഗ് തുടങ്ങിയ നടപടികൾക്കായി 15,000 രൂപയ്ക്ക് മുകളിലാണ് ചെലവ്.

തിരുവനന്തപുരം

 മെഡി. കോളേജ് മോർച്ചറി കപ്പാസിറ്റി- 48, നിലവിൽ 53 മൃതദേഹങ്ങൾ

 ജന. ആശുപത്രി മോർച്ചറി കപ്പാസിറ്റി-10, നിലവിൽ 12 മൃതദേഹങ്ങൾ