കൊല്ലം: നഗരസഭാ യോഗത്തിന്റെ മിനുട്ട്സ് തിരുത്തി ചുറ്റുമതിൽ നിർമ്മാണം അട്ടിമറിക്കപ്പെട്ട ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭാ സെക്രട്ടറി സർവേ വകുപ്പിന് കത്തുനൽകി. ഭൂമി കൈയേറിയെന്ന ആരോപണം ഉയർന്ന സാഹചര്യത്തിലാണ് ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നത്. അളക്കുമ്പോൾ കൈയേറ്റം സ്ഥിരീകരിച്ചാൽ ഇത് മറയ്ക്കാനാണ് മിനുട്ട്സ് തിരുത്തിയതെന്ന് വ്യക്തമാവും. റെയിൽവേക്ക് കൈമാറാനായി നഗരസഭ ഏറ്റെടുത്ത ഉപാസന ആശുപത്രിക്ക് സമീപത്തെ ഭൂമി സ്വകാര്യ വ്യക്തി കൈയേറിയെന്ന ആരോപണം ശക്തമായതോടെയാണ് മതിൽ കെട്ടി സംരക്ഷിക്കാൻ നഗരസഭ തീരുമാനിച്ചത്. വാർഷിക പദ്ധതിയിൽ മതിൽ നിർമ്മാണത്തിന് പണവും വകയിരുത്തി. നിർമ്മാണത്തിന്റെ ടെൻഡർ ജൂൺ 22ന് ചേർന്ന കൗൺസിൽ യോഗം ഐകകണ്ഠ്യേനെ അംഗീകരിച്ചെങ്കിലും പദ്ധതി ഒഴിവാക്കാൻ തീരുമാനിച്ചെന്ന് മിനുട്ട്സ് തിരുത്തി. വാർഷികപദ്ധതിയിൽ നിന്ന് മതിൽ നിർമ്മാണ പദ്ധതി രഹസ്യമായി വെട്ടിമാറ്റുകയായിരുന്നു. മിനുട്സ് തിരുത്തൽ വിവാദമായതോടെ വിവിധ സംഘടനകളും പ്രതിപക്ഷവും നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഭൂമി അളക്കാൻ നടപടി ആരംഭിച്ചത്. എന്നാൽ മിനുട്ട്സ് തിരുത്തിയത് ആരാണെന്ന് കണ്ടെത്താനായി നഗരസഭ അന്വേഷണം ആരംഭിച്ചിട്ടില്ല.
ഉപാസന ആശുപത്രിക്ക് സമീപത്തെ നഗരസഭയുടെ ഭൂമി അളക്കണമെന്ന് ആവശ്യപ്പെട്ട് സർവേ തഹസിൽദാർ, സൂപ്രണ്ട് എന്നിവർക്ക് കത്ത് നൽകിയിട്ടുണ്ട്. ഭൂമിയുമായി ബന്ധപ്പെട്ട് ഉയരുന്ന മറ്റ് ആരോപണങ്ങൾ റവന്യൂ വകുപ്പുമായി ബന്ധപ്പെട്ട് പരിശോധിക്കും.
ഹരികുമാർ (നഗരസഭാ സെക്രട്ടറി)
കടുത്ത നിലപാടുമായി സി.പി.എം:
സ്റ്റിയറിംഗ് കമ്മിറ്റി മാറ്റി
വിവാദ ഭൂമിയുമായി ബന്ധപ്പെട്ട് സി.പി.എം നിലപാട് കർശനമാക്കിയതോടെ ഇന്നലെ ചേരാനിരുന്ന നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ആരംഭിക്കുന്നതിന് തൊട്ടുമുൻപ് മേയർ മാറ്റിവച്ചു.
സ്റ്റിയറിംഗ് കമ്മിറ്റിക്ക് മുൻപ് സി.പി.എം സ്ഥിരം സമിതി അദ്ധ്യക്ഷന്മാർ അനൗദ്യോഗിക യോഗം ചേർന്നു. വിവാദ ഭൂമി കൈയേറിയതിന് പുറമേ വില്പന നടത്തിയെന്ന സംശയം ഉയർന്ന സാഹചര്യത്തിൽ നഗരസഭ നിയമനടപടിയിലേക്ക് കടക്കണമെന്നായിരുന്നു യോഗത്തിലെ പ്രധാന തീരുമാനം. വിവാദ ഭൂമി അളന്നു തിട്ടപ്പെടുത്തണം, മതിൽ കെട്ടി സംരക്ഷിക്കണം. റെയിൽവേക്ക് കൈമാറി എസ്.എം.പി കോളനിക്ക് സമീപത്തെ ഭൂമി പകരം വാങ്ങാനുള്ള നടപടി വേഗത്തിലാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിക്കാനും തീരുമാനിച്ചു. സ്റ്റിയറിംഗ് കമ്മിറ്റിയിൽ സി.പി.എമ്മിന് അഞ്ചും സി.പി.ഐക്ക് മൂന്നും അംഗങ്ങളാണുള്ളത്. അതുകൊണ്ടുതന്നെ സി.പി.എം തീരുമാനം അംഗീകരിക്കേണ്ടി വരും. അത് ഒഴിവാക്കാനാണ് യോഗം മാറ്റിയതെന്നാണ് സംശയം.