photo
ഞാങ്കടവ് പദ്ധതിയ്ക്കായി കല്ലടയാറ്റിന്റെ തീരത്ത് പുത്തൂർ ഞാങ്കടവിൽ സ്ഥാപിച്ച പമ്പ് ഹൗസ്

സ്ഥലത്തിന് 9.25 ലക്ഷം രൂപ

കൊല്ലം: ഞാങ്കടവ് പദ്ധതിയുടെ ഭാഗമായി കല്ലടയാറിന്റെ തീരത്തെ സ്വകാര്യ ഭൂമി വിലയ്ക്ക് വാങ്ങി. 15 സെന്റ് ഭൂമിയാണ് വാട്ടർ അതോറിട്ടി സ്വകാര്യ വ്യക്തിയിൽ നിന്നും 9.25 ലക്ഷം രൂപ നൽകി വാങ്ങിയത്. കല്ലടയാറിനോട് ചേർന്ന് പദ്ധതിയ്ക്കായി പണിത പമ്പ് ഹൗസിനോട് ചേർന്നുള്ള ഭൂമിയാണ് വാങ്ങിയത്

തുക കുറഞ്ഞതിന് ഭൂ ഉടമ കോടതിയിൽ

റവന്യൂ അധികൃതർ വില നിശ്ചയിച്ച് നൽകിയ പ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമാണ് വാട്ടർ അതോറിട്ടിയുടെ പേർക്ക് ഭൂമി രജിസ്റ്റർ ചെയ്തത്. ഏഴ് ലക്ഷം രൂപ അഡ്വാൻസായി ഭൂ ഉടമയ്ക്ക് നേരത്തെ നൽകിയിരുന്നു. ഇരുപത് ലക്ഷം രൂപയാണ് ആകെ വാട്ടർ അതോറിട്ടി റവന്യൂ വകുപ്പിന് നൽകിയിരുന്നത്. ഇതിൽ ഒൻപതേകാൽ ലക്ഷം കഴിഞ്ഞുള്ള തുക തിരികെ വേണമെന്ന് ആവശ്യപ്പെട്ട് വാട്ടർ അതോറിറ്റി അധികൃതർ ഇന്നലെ റവന്യൂ അധികൃതർക്ക് കത്ത് നൽകി. അതിനിടയിൽ തങ്ങൾക്ക് ലഭിച്ച തുക കുറവാണെന്ന് കാട്ടി ഭൂ ഉടമ കോടതിയെ സമീപിച്ചിട്ടുണ്ട്. കൂടുതൽ തുക ന്യായമായും ലഭിക്കേണ്ടതാണെന്നുകാട്ടിയാണ് കേസ് നൽകിയിരിക്കുന്നത്.

നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കും

വാട്ടർ അതോറിറ്റിയുടെ പേരിൽ ഭൂമി എഴുതി നൽകിയതിനാൽ കുടിവെള്ള പദ്ധതിയ്ക്ക് ഇതുമായി ബന്ധപ്പെട്ട തടസങ്ങളുണ്ടാവില്ല. കൊവിഡിന്റെ പ്രശ്നങ്ങളെ തുടർന്ന് നിർത്തിവച്ചിരുന്ന നിർമ്മാണ ജോലികൾ ഉടൻ ആരംഭിക്കാനാണ് തീരുമാനം. കല്ലടയാറ്റിൽ തടയണ നിർമ്മാണം ഉൾപ്പടെ വലിയ ജോലികൾ ഉടൻ തുടങ്ങാനിരിക്കുകയാണ്.