കൊല്ലം: നഗരസഭാ യോഗത്തിന്റെ മിനുട്ട്സ് തിരുത്തിയ സംഭവത്തിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് നഗരസഭാ കാര്യാലയത്തിന് മുന്നിൽ നിന്ന് പ്രകടനമായെത്തിയ യുവമോർച്ചാ പ്രവർത്തകർ മേയറുടെ ചേംബറിലേക്ക് ഇടിച്ചുകയറി. മേയറുടെ ചേംബറിനുള്ളിലിരുന്ന് മുദ്രാവാക്യം വിളി തുടർന്നതോടെ പൊലീസെത്തി പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി. നഗരസഭാ സ്റ്റിയറിംഗ് കമ്മിറ്റി യോഗം ചേരാനിരിക്കെയാണ് യുവമോർച്ചാ പ്രവർത്തകർ സമരവുമായെത്തിയത്. ജില്ലാ പ്രസിഡന്റ് വിഷ്ണു പട്ടത്താനം, കൊല്ലം മണ്ഡലം പ്രസിഡന്റ് പ്രണവ് താമരക്കുളം, ഇരവിപുരം മണ്ഡലം പ്രസിഡന്റ് രാഹുൽ രാജ്, സെക്രട്ടറി അനീഷ് മുണ്ടയ്ക്കൽ, ജില്ലാ കമ്മിറ്റി അംഗം നിഖിൽ കരുവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു സമരം. ഇവരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. മിനുട്ട്സ് തിരുത്തൽ വിജിലൻസ് അന്വേഷിക്കുന്നതിന് പുറമേ കൈയേറ്റക്കാരിൽ നിന്ന് നഗരസഭാ ഭൂമി ചുറ്റുമതിൽ കെട്ടി തിരിച്ചുപിടിക്കണമെന്നും യുവമോർച്ച ആവശ്യപ്പെട്ടു.