s
എഫ്.സി.ഐ ഗോഡൗണിലെ തീപിടിത്തം: കാരണം ഷോർട്ട് സർക്യൂട്ട്

കൊല്ലം: കിളികൊല്ലൂർ എഫ്.സി.ഐ ഗോഡൗണിലെ തീപിടിത്തതിന് കാരണം വൈദ്യുതി ഷോർട്ട് സർക്യൂട്ടാണെന്ന് കണ്ടെത്തൽ. ഭിത്തികൾക്കുള്ളിലൂടെ ഇലക്ട്രിക്കൽ വയറിംഗുള്ളതിനാൽ ഷോർട്ട് സർക്യൂട്ടിന് സാദ്ധ്യതയില്ലെന്നായിരുന്നു ഫയർഫോഴ്സിന്റെ നിഗമനമെങ്കിലും ഇന്നലെ നടന്ന പരിശോധനയിലാണ് കാരണം വ്യക്തമായത്. തീപിടിത്തമുണ്ടായ സ്ഥലത്ത് മെയിന്റനൻസിന്റെ ഭാഗമായി ഭിത്തിക്ക് വെളിയിലൂടെ വയറിംഗ് നടത്തിയിരുന്നു. ഗോഡൗണിന്റെ മുകളറ്റം വരെ അരിച്ചാക്കുകൾ അട്ടിയിട്ടിരുന്ന ഭാഗത്ത് ഗോഡൗണിന്റെ മേൽക്കൂരയിൽ നിന്ന് ഈർപ്പം പിടിക്കാതിരിക്കാൻ ചാക്കുകൾക്ക് മീതെ പ്ളാസ്റ്റിക് ഷീറ്റിട്ടിരുന്നു. ഷീറ്റിന്റെ ഒരുഭാഗം വയറുകളിൽ മുട്ടിയതിനാൽ ഷോർട്ട് സർക്യൂട്ടിലാണ് തീപിടിത്തമുണ്ടായത്. 25 ചാക്ക് അരിയാണ് കത്തി നശിച്ചത്. നൂറോളം ചാക്ക് അരി കത്തിനശിച്ചെന്ന് ആദ്യം കരുതിയെങ്കിലും വിശദ പരിശോധനയിലാണ് വലിയ നഷ്ടമില്ലെന്ന് സ്ഥിരീകരിച്ചത്. ഇന്നലെ വെള്ളം സ്പ്രേചെയ്ത് നനഞ്ഞതുൾപ്പെടെ അയ്യായിരം രൂപയുടെ നഷ്ടമുണ്ടായെന്നാണ് കണക്കാക്കുന്നത്.

ഗോഡൗണിലെ വയറിംഗ് തകരാർ പരിഹരിക്കണമെന്നും അത്യാധുനിക അഗ്നിശമന ഉപകരണങ്ങൾ സ്ഥാപിക്കണമെന്നും ആവശ്യപ്പെട്ട് എഫ്.സി.ഐയ്ക്ക് കത്ത് നൽകി.

കെ. ഹരികുമാർ,​ ജില്ലാ അഗ്നിശമന സേനാ ഓഫീസർ