photo
കൊവിഡ് പ്രോട്ടോക്കോൾ ലംഘച്ച് പ്രവർത്തിക്കുന്ന സ്റ്റേഷനറിക്കട

കരുനാഗപ്പള്ളി: കൊവിഡ് 19 ന്റെ സാമുഹ്യ വ്യാപനം വർദ്ധിക്കുന്ന സാഹചര്യത്തിൽ കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരെ സ്പോട്ട് ഫൈൻ ചുമത്താനുള്ള അധികാരം ഹെൽത്ത് ഇൻസ്പെക്ടർമാർക്കു കൂടി നൽകണമെന്ന ആവശ്യം ശക്തമാകുന്നു. നിലവിൽ സ്പോട്ട് ഫൈൻ ചുമത്താനുള്ള അധികാരം പൊലീസ് സർക്കിൾ ഇൻസ്പെക്ടർമാർക്കാണ്. കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്ന വിവരം എസ്.എച്ച്.ഒ മാരെ അറിയിച്ചാൽ ഇവർ എത്തുമ്പോഴേക്കും നിയമം ലംഘിക്കുന്നവർ കടന്ന് കളയും.പൊലീസിന്റെ നേരിട്ടുള്ള ശ്രദ്ധയിൽ വരുന്ന നിയമ ലംഘനത്തിന് മാത്രമാണ് ഇവർ നടപടി സ്വീകരിക്കുന്നത്. അതു കൊണ്ട് തന്നെ രോഗത്തിന്റെ സാമൂഹ്യ വ്യാപനം തടയാൻ കഴിയില്ലെന്നാണ് ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന വിദഗ്ദ്ധർ പറയുന്നത്.

കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചാൽ പിഴ

കൊവിഡ് രോഗികളുമായി ഏറ്റവും അടുത്ത് ബന്ധപ്പെടുന്നത് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരാണ്. ഒരു പഞ്ചായത്തിൽ ഒരു ഹെൽത്ത് ഇൻസ്പെക്ടർറും, രണ്ട് വാർഡുകൾ കേന്ദ്രീകരിച്ച് 1 ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറും പ്രവർത്തിക്കുന്നു. ഇവർ എല്ലാ ദിവസവും വീടുവീടാന്തരം കയറി കൊവിഡ് ബോധവത്ക്കരണം നടത്തി വരുന്നു. കൊവിഡ് പ്രോട്ടോക്കോൾ ലംഘനമുണ്ടായാൽ ഇവർക്ക് പെട്ടെന്ന് കണ്ടെത്താൻ കഴിയും. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുക, മുറുക്കാൻ കടകളിൽ കൂട്ടത്തോടെ നിന്ന് മുറുക്കി തുപ്പുക, കണ്ടെയ്ൻമെന്റ് സോണുകളിൽ നിയമ ലംഘനം നടത്തുക, സാമൂഹ്യ അകലം പാലിക്കാതിരിക്കുക തുടങ്ങിയ നിയമ ലംഘനത്തിനെല്ലാം സ്പോട്ട് ഫൈൻ ഈടാക്കാനുള്ള അധികാരം ഹെൽത്ത് ഇൻസ്പെക്ടർമാർക്ക് നൽകിയാൽ നിയമ ലംഘന സ്ഥലത്തു വെച്ച് തന്നെ പിഴ ഈടാക്കാൻ കഴിയും. ഇത് വ്യാപകമായി നടപ്പാക്കി കഴിഞ്ഞാൽ രോഗത്തിന്റെ കൂട്ടത്തോടെയുള്ള വ്യാപനം ഒരു പരിധി വരെ തടയാൻ കഴിയും. നിയമം ലംഘിക്കപ്പെടുന്നവർക്ക് അതാതു സ്ഥലത്തു വെച്ച് പിഴ നൽകുമെന്ന ധാരണ പരന്നാൽ ജനങ്ങൾ നിയമം അനുസരിക്കാൻ ശ്രിമിക്കും. ഇതിനാവശ്യമായ നിയമ നടപടികൾ സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമന്ന ആവശ്യമാണ് ശക്തമാകുന്നത്.