photo

കൊല്ലം: ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ പുത്തൂരിൽ തുടങ്ങുന്ന 'സായന്തനം' വൃദ്ധസദനത്തിന്റെ ഒന്നാംഘട്ട കെട്ടിട നിർമ്മാണം പൂർത്തിയാക്കി ഉടൻ പ്രവർത്തനം തുടങ്ങും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വിജ്‌ഞാപനം ഇറങ്ങുംമുൻപ് ഉദ്ഘാടനം ചെയ്യാനാണ് ശ്രമം.

ഒന്നാം നിലയുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഏറെക്കുറെ പൂർത്തിയായിട്ടുണ്ട്. പെയിന്റിംഗും അനുബന്ധ ജോലികളുമാണ് ഇനി ശേഷിക്കുന്നത്. ഇത് ഓണത്തിന് മുൻപ് പൂർത്തിയാക്കാൻ കഴിഞ്ഞാൽ ഓണസമ്മാനമായി നാടിന് വൃദ്ധസദനം സമർപ്പിക്കാമെന്നാണ് കണക്കുകൂട്ടുന്നത്. കൊവിഡിനെ തുടർന്നുള്ള തൊഴിലാളി ക്ഷാമവും പെരുമഴയുമൊക്കെ തടസങ്ങളായി നിന്നതാണ് ഒന്നാം ഘട്ട നിർമ്മാണം നീണ്ടുപോകാനിടയായത്.

1.5 കോടി രൂപയുടെ പദ്ധതി

ജില്ലാ പഞ്ചായത്ത് അനുവദിച്ച 1.5 കോടി രൂപ ഉപയോഗിച്ചാണ് 'സായന്തനം' എന്ന പേരിൽ വൃദ്ധസദനം സ്ഥാപിക്കുന്നത്. 4500 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നില കെട്ടിടമാണ് നിർമ്മിക്കുന്നത്. ഇതിന്റെ ഒന്നാം നില മാത്രമാണ് പൂർത്തിയായത്. പവിത്രേശ്വരം ഗ്രാമപഞ്ചായത്ത് പുത്തൂർ പഴയചിറയിലെ 60 സെന്റ് ഭൂമി വൃദ്ധസദനം തുടങ്ങുന്നതിനായി വിട്ടുനൽകിയതാണ്. പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള പ്രീമെട്രിക് ഹോസ്റ്റലിനോട് ചേർന്ന പഴയ ചിറയുടെ ഭാഗമായിരുന്നു ഈ ഭൂമി. ചിറയുടെ നവീകരണം നടന്നപ്പോൾ വിസ്തീർണ്ണം ചുരുങ്ങുകയും ഈ ഭൂമി ശേഷിച്ചതുമാണ്. ഹൗസിംഗ് ബോർഡിനാണ് നിർമ്മാണച്ചുമതല.

ഒറ്റപ്പെടുന്നവർക്ക് തുണയാകും

വിവിധ കാരണങ്ങളാൽ കുടുംബത്തിൽ നിന്നും സമൂഹത്തിൽ നിന്നും ഒറ്റപ്പെട്ട് പോകേണ്ടി വന്നവർക്ക് 'സായന്തനം' വൃദ്ധസദനം അഭയമേകും. പ്രായമായവരെ സംരക്ഷിക്കാനും ഭക്ഷണവും വസ്ത്രവും ചികിത്സയും മറ്റ് സൗകര്യങ്ങളും നൽകാനുമാണ് ലക്ഷ്യമിടുന്നത്. അവർക്ക് മാനസികോല്ലാസത്തിന് ഉതകുന്ന പരിപാടികളും അന്തരീക്ഷവും ഒരുക്കി ഹൃദ്യാനുഭവമാക്കും. കൂടുതൽ സർക്കാർ സഹായം ലഭ്യമാക്കി അത്യാധുനിക സംവിധാനങ്ങളുമൊരുക്കും. വൃദ്ധസദനത്തിന്റെ പ്രവർത്തനം തുടങ്ങുന്നതിനൊപ്പം രണ്ടാം നിലയുടെ നിർമ്മാണ ജോലികളും ആരംഭിക്കും.