photo
സി.പി.എം മാവടി ലോക്കൽ കമ്മിറ്റി നിർമ്മിച്ചുനൽകുന്ന സ്നേഹവീടിന് ജില്ലാ സെക്രട്ടറി എസ്.സുദേവൻ ശിലാസ്ഥാപനം നടത്തുന്നു

കൊട്ടാരക്കര: കുളക്കടയിൽ സി.പി.എം മാവടി ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമ്മിച്ചുനൽകുന്നു. ഇതിനായി ജില്ലാ സെക്രട്ടറി എസ്.സുദേവൻ ശിലാസ്ഥാപനം നടത്തി. ജോർജ്ജ് മാത്യു, പി.ഐഷാപോറ്റി എം.എൽ.എ, ഏരിയാ സെക്രട്ടറി പി.കെ.ജോൺസൺ, ലോക്കൽ കമ്മിറ്റി സെക്രട്ടറി ഡി.എസ്.സുനിൽ, വി.രവീന്ദ്രൻ നായർ, സി.മുകേഷ്, എ.അജി എന്നിവർ പങ്കെടുത്തു. കുളക്കട കുറ്ററ സ്വദേശിയായ അംബികയ്ക്കാണ് വീട് നിർമ്മിച്ചുനൽകുന്നത്. ഭർത്താവ് ഉപേക്ഷിച്ചതിനെ തുടർന്ന് വൃദ്ധയായ മാതാവിനും പറക്കമുറ്റാത്ത രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം ചോർന്നൊലിക്കുന്ന കൂരയിലാണ് ഇതുവരെ കഴിഞ്ഞിരുന്നത്. അംബികയ്ക്ക് മാനസിക പ്രശ്നങ്ങളുമുണ്ട്. പ്ളാസ്റ്റിക് ഷീറ്റ് മറച്ച കൂടാരത്തിൽ കഴിഞ്ഞ ഇവർക്ക് സ്നേഹ വീട് നിർമ്മിക്കാനായി സി.പി.എം ലോക്കൽ കമ്മിറ്റി തീരുമാനമെടുത്തപ്പോൾ പാർട്ടി അംഗങ്ങളും അനുഭാവികളും സഹായ വാഗ്ദാനങ്ങളുമായി ചേർന്നുനിന്നു. രണ്ട് മുറിയും സിറ്റൗട്ടും അടുക്കളയും ശുചിമുറിയും അടങ്ങുന്ന വീടാണ് നിർമ്മിക്കുന്നത്. രണ്ട് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കി അംബികയുടെ കുടുംബത്തിന് കൈമാറുമെന്ന് ഡി.എസ്.സുനിൽ അറിയിച്ചു. എട്ട് ലക്ഷം രൂപയാണ് വീട് നിർമ്മിക്കുന്നതിന് ചിലവ് പ്രതീക്ഷിക്കുന്നത്.