ശക്തികുളങ്ങര തുറമുഖം അടച്ചു, നീണ്ടകരയിലും അഴീക്കലും ആശങ്ക
കൊല്ലം: ബോട്ടുടമയ്ക്കും തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ച് ശക്തികുളങ്ങര തുറമുഖം അടച്ചതോടെ നീണ്ടകര, അഴീക്കൽ തുറമുഖങ്ങളിൽ ആശങ്കയുടെ തിരയേറ്റം. ശക്തികുളങ്ങരയിൽ നിന്നുള്ള ബോട്ടുകളും മത്സ്യക്കച്ചവടക്കാരും ഇവിടങ്ങളിലേക്ക് എത്തുന്നതാണ് സ്ഥിതി രൂക്ഷമാക്കുന്നത്.
ജില്ലാ കളക്ടറുടെ ഉത്തരവിന് പിന്നാലെ ഇന്നലെ പുലർച്ചെ തന്നെ ആരോഗ്യവകുപ്പും പൊലീസും നീണ്ടകര, അഴീക്കൽ തുറമുഖങ്ങളുടെ നിയന്ത്രണം ഏറ്രെടുത്തിരുന്നു. രാവിലെ ആറുമുതൽ ശരീരോഷ്മാവ് പരിശോധിച്ചാണ് മത്സ്യത്തൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിച്ചത്. വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. പാസുമായി ഹാർബറിൽ പ്രവേശിക്കുന്നവർ നിശ്ചിത സമയത്തിനകം മത്സ്യം വാങ്ങി മടങ്ങാത്തത് പ്രതിസന്ധിക്ക് ഇടയാക്കുന്നുണ്ട്. മത്സ്യം കൂടുതൽ വരുന്നതോടെ വിലകുറയുന്നത് ലക്ഷ്യമാക്കിയാണ് ഇവർ ക്യാമ്പ് ചെയ്യുന്നത്. സാമൂഹ്യ അകലം പാലിക്കുന്നെന്ന് ഉറപ്പാക്കാൻ വോളൻഡിയർമാരെ നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിർദേശങ്ങൾ അനുസരിക്കാൻ പലരും കൂട്ടാക്കുന്നില്ല.
കൈവിട്ട് അഴീക്കൽ
സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന അഴീക്കൽ ഹാർബറിൽ വാർഫിന് നീളം കുറവാണ്. ഒരുസമയം കഷ്ടിച്ച് നാലോ അഞ്ചോ വള്ളങ്ങളോ ബോട്ടുകളോ മാത്രമേ അടുക്കുകയുള്ളു. മത്സ്യം തരംതിരിക്കാനും ലേലം ചെയ്യാനും വാഹനങ്ങളിൽ കയറ്റാനും സ്ഥല സൗകര്യമില്ല. നീണ്ടകരയിൽ നിന്ന് വ്യത്യസ്തമായി ഒരേ സമയം ചെറുകിട കച്ചവടക്കാരും മൊത്തവിതരണക്കാരും പാസുമായി ഹാർബറിൽ പ്രവേശിക്കുന്നത് കൂട്ടം കൂടുന്നതിനും കാരണമാകുന്നുണ്ട്. പൊലീസും വോളൻഡിയേഴ്സും ഉണ്ടെങ്കിലും ഉച്ചകഴിയുന്നതോടെ അഴീക്കലെ നിയന്ത്രണങ്ങൾ കൈവിടും.
''
കർശന നിയന്ത്രണങ്ങൾ പാലിക്കാതിരുന്നാൽ തുറമുഖങ്ങൾ വീണ്ടും അടച്ചിടേണ്ടിവരും.
ബി. അബ്ദുൽ നാസർ
ജില്ലാ കളക്ടർ