തഴവ : തഴവയിൽ ഒരാൾക്ക് കൂടി കൊവിഡ്. തഴവ ഗ്രാമ പഞ്ചായത്ത് 20-ാം വാർഡിൽ അമ്പിശേരി തൈക്കാവിന് സമീപമാണ് ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചത്. ആലപ്പുഴ കാ‌ർത്തികപ്പള്ളി സ്വദേശിയായ ഇയാൾ ഒരുവർഷം മുമ്പാണ് തഴവയിൽ താമസമായത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രോഗബാധിതനായി ഹരിപ്പാടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.. കഴിഞ്ഞദിവസം രോഗം മൂർച്ഛിച്ച് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെത്തിയ ഇയാൾക്ക് വണ്ടാനത്ത് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. ഹൃദ്രോഗമുൾപ്പെടെ പലവിധ അസുഖങ്ങളുള്ള ഇയാളെ ആലപ്പുഴ മെഡിക്കൽ കോളേജിലെ കൊവിഡ് കെയർ‌ സെന്ററിൽ ഐ.സി.യുവിൽ പ്രവേശിപ്പിച്ചു. ഒപ്പം താമസിച്ചുവന്ന ഭാര്യയെ ക്വാറന്റൈനിലാക്കി. ഇയാൾ ചികിത്സ തേടിയ ഹരിപ്പാട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറും നഴ്സുമുൾപ്പടെയുള്ള ജീവനക്കാരും നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ ദിവസം പൊലീസുകാരന് കൊവിഡ് സ്ഥിരീകരിച്ച പത്തൊമ്പതാം വാർഡുൾപ്പടെയുള്ള സ്ഥലങ്ങളിൽ ആരോഗ്യ വകുപ്പിന്റെ ക‌ർശന നിരീക്ഷണം തുടരുകയാണ്. പഞ്ചായത്തിന്റെ വിവിധ വാർ‌ഡുകളിലായുള്ള എല്ലാ ക്ളസ്റ്ററുകളും ക്ളസ്റ്രർ മോണിറ്ററിംഗ് ഓഫീസറുടെ നിയന്ത്രണത്തിലാണ്.കടകളിലും പൊതുസ്ഥലങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കാത്തവർക്കെതിരെ പൊലീസ് നടപടികളും ശക്തമാണ്.തഴവ, കുറ്റിപ്പുറം, ചിറ്റുമൂല, മണപ്പള്ളി, പാവുമ്പ പ്രദേശങ്ങളിലും ആരോഗ്യവകുപ്പും പൊലീസും നിരന്തര നിരീക്ഷണം തുടർന്നുവരികയാണ്. വൈകുന്നേരങ്ങളിൽ തിരക്ക് വർദ്ധിക്കുന്ന മണപ്പള്ളി മാർക്കറ്റിൽ പൊലീസ് കാവലിലാണ് കച്ചവടം.