taluk-hospital

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ താത്കാലിക മോർച്ചറി നിർമ്മിക്കും. ആശുപത്രിയിൽ പുതിയ കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ട് മോർച്ചറികൾ പൊളിച്ചുനീക്കിയിരുന്നു. പകരം സംവിധാനമുണ്ടാക്കാതെ മോർച്ചറി പൊളിച്ചതോടെ മൃതദേഹം സൂക്ഷിക്കാൻ ഇടമില്ലാതെയായി. വലിയ പ്രതിഷേധങ്ങൾക്കും ഇത് വഴിവച്ചു. തുടർന്നാണ് താത്കാലിക മോർച്ചറി നിർമ്മിക്കാൻ ആശുപത്രി മാനേജ്മെന്റ് കമ്മിറ്റി തീരുമാനിച്ചത്. പേ വാർഡ് കെട്ടിടത്തിന്റെ ഒരു ഭാഗം ഫ്രീസറുകൾ സ്ഥാപിച്ച് മോർച്ചറിയാക്കി മാറ്റാമെന്നാണ് കണക്കുകൂട്ടുന്നത്. മൂന്നാഴ്ചയെങ്കിലും ഇതിനായി വേണ്ടിവരും. പോസ്റ്റുമോർട്ടത്തിനായി പഴയ കെട്ടിടം സജ്ജമാക്കിയിട്ടുള്ളതിനാൽ ഇതിന് മുടക്കമുണ്ടാകില്ല. എന്നാൽ, തീർത്തും സൗകര്യക്കുറവുള്ള കെട്ടിടമാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്. ആശുപത്രി മിനി മെഡിക്കൽ കോളേജ് ആക്കുന്നതിനുള്ള കെട്ടിട നിർമ്മാണങ്ങൾക്കാണ് 25ന് ആരോഗ്യ മന്ത്രി കെ.കെ.ശൈലജ ശിലാസ്ഥാപനം നടത്തുന്നത്.