a

സ്പർശന രഹിത ഓട്ടോമേറ്റഡ് ഉപകരണങ്ങൾ വികസിപ്പിച്ച് യുവ എൻജിനിയർമാർ

കൊല്ലം: സാങ്കേതിക വിദ്യയുടെ കരുത്തിൽ കൊവിഡിനെതിരെ പൊരുതാൻ യുവ എൻജിനിയർമാർ നടത്തുന്ന പരിശ്രമങ്ങൾ ജനശ്രദ്ധയാകർഷിക്കുന്നു. സ്വയം പ്രവർത്തിക്കുന്ന നോൺ ടച്ച് സന്ദർശക രജിസ്‌ട്രേഷൻ സിസ്റ്റം, ഓട്ടോമാറ്റിക് തെർമൽ സ്‌കാനർ, പോർട്ടബിൾ ഓട്ടോമാറ്റിക് ഡിസ്‌പെൻസർ എന്നിവയാണ് ഇവരുടെ പ്രധാന കണ്ടെത്തലുകൾ. ഇലക്ട്രോണിക്‌സ്, മെക്കാനിക്കൽ എൻജിനിയർമാരായ അലിഫ് ഷാഹുൽ, അതുൽ രാജഗോപാൽ, ഫെബിൻ ജിഷാൽ, മുഹമ്മദ് സഹീർ, ഇക്ബാൽ ഫൈസി എന്നിവർ ഇന്റർനെറ്റ് ഒഫ് തിംഗ്സ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് സ്പർശന രഹിത ഓട്ടോമേറ്റഡ് ഉപകരണങ്ങൾ വികസിപ്പിച്ചത്.

നോൺ ടച്ച് സന്ദർശക രജിസ്‌ട്രേഷൻ സിസ്റ്റം

സൂപ്പർ മാർക്കറ്റുകൾ, ആശുപത്രികൾ, ഷോപ്പുകൾ, പൊതു ഗതാഗതകേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സ്വകാര്യ കമ്പനികൾ, റെസിഡൻഷ്യൽ ഏരിയകൾ, അപ്പാർട്ട്‌മെന്റുകൾ, പൊതു ഓഫീസുകൾ എന്നിങ്ങനെ ആളുകൾ കൂടുന്ന ഇടങ്ങളിൽ സന്ദർശകരുടെ പ്രവേശനം രേഖപ്പെടുത്താൻ നോൺ ടച്ച് സന്ദർശക രജിസ്‌ട്രേഷൻ സിസ്റ്റം

ഉപയോഗിക്കാം. വിവര ശേഖരണത്തിലും ഉപഭോക്താക്കളുടെ സ്വകാര്യത ഉറപ്പു വരുത്തും. ഓഫീസുകളിലെ നോൺ ടച്ച് അറ്റൻഡൻസ് രജിസ്റ്ററായും ഇത് ഉപയോഗിക്കാം.

ഓട്ടോമാറ്റിക് തെർമൽ സ്‌കാനർ

സന്ദർശകരുടെ ശരീര താപനില ഒരു മുഴുവൻ സമയ സ്റ്റാഫിന്റെ സഹായമില്ലാതെ ഓട്ടോമേറ്റഡ് തെർമൽ സ്‌കാനർ ഉപയോഗിച്ച് രേഖപ്പെടുത്താം. വിവരങ്ങൾ കൂടുതൽ വിശകലനത്തിന് വിധേയമാക്കാനും സൗകര്യമുണ്ട്.

സ്‌പർശന സമ്പർക്ക രഹിതമായി ഉപയോഗിക്കാവുന്ന ഓട്ടോമേറ്റഡ് തെർമൽ സ്‌കാനർ ആശുപത്രികൾ, ആളുകൾ ഒത്തുകൂടുന്ന പൊതുസ്ഥലങ്ങൾ, പൊതുഗതാഗത കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ ഉപയോഗിക്കാം.

പോർട്ടബിൾ ഓട്ടോമാറ്റിക് ഡിസ്‌പെൻസർ

സെൻസർ ബന്ധിതമായി പ്രവർത്തിക്കുന്ന പോർട്ടബിൾ ഓട്ടോമാറ്റിക് ഡിസ്‌പെൻസർ കൈകൾ കാണിക്കുമ്പോൾ നിശ്ചിത അളവിൽ ഏതെങ്കിലും തരത്തിലുള്ള ദ്രാവകം (സാനിറ്റൈസർ, ഹാൻഡ് വാഷ്, ഷവർ ജെൽ മുതലായവ)

പകർന്ന് നൽകും. പ്രോട്ടോടൈപ്പ് വികസനത്തിന്റെ ഘട്ടം മുതൽ വിപണി അന്വേഷണങ്ങൾ തുടങ്ങിയിരുന്നെങ്കിലും തികവുറ്റ സാങ്കേതികവിദ്യ ഉറപ്പ് വരുത്താനുള്ള പരീക്ഷണങ്ങളിലായിരുന്നു സംഘം. സുരക്ഷിതമായി കൊവിഡിനെതിരെ പൊരുതാനുള്ള ഉത്പന്നങ്ങൾ വിപണിയിൽ ഇറക്കാൻ സജ്ജമായെന്ന് ഇവർ പറയുന്നു.