സുഖമായി കിടന്നുറങ്ങുന്ന മെത്തയ്ക്ക് എത്ര രൂപയായിരിക്കും വില? 5,000, 10,000, 25,000, 50,000.. കൂടിപ്പോയാൽ ഒരു ലക്ഷം? എന്നാൽ, പ്രശസ്ത കനേഡിയൻ റാപ്പർ ഡ്രേക്കിന്റെ മെത്തയുടെ വില മൂന്ന് കോടി രൂപയാണ്. എന്താണ് ഈ കിടക്കയുടെ പ്രത്യേകത എന്നറിയാമോ? ആഡംബര മെത്ത നിർമ്മാതാക്കളായ ഹാസ്റ്റൻസിന് വേണ്ടി ഇന്റീരിയർ ഡിസൈനറും ആർക്കിടെക്ടുമായ ഫെറിസ് റാഫൗലിയാണ് മെത്ത വിഭാവനം ചെയ്തത്. വിലയേറിയ ഈ മെത്ത നിർമ്മിക്കുന്നത് സ്വീഡനിൽ ആണ്. ഇത് കൈകൊണ്ട് ഉണ്ടാക്കാൻ നാല് കരകൗശല വിദഗ്ദ്ധർ വേണം. ഒരു മെത്ത ഉണ്ടാക്കാൻ 600 മണിക്കൂർ എടുക്കും. ഇതിലെ സങ്കീർണ്ണമായ സ്പ്രിംഗ് സിസ്റ്റം കിടക്കുന്നയാൾ പൊങ്ങിക്കിടക്കുന്നതായി തോന്നിപ്പിക്കും എന്ന് നിർമാതാക്കൾ പറയുന്നു.
കറുപ്പ്, നീല, വെള്ള എന്നീ നിറങ്ങളിലാണ് മെത്തകൾ ലഭിക്കുക. ഇതുവരെ ഇത്തരത്തിൽ പത്ത് മെത്തകൾ മാത്രമാണ് നിർമിച്ചതെന്ന് കമ്പനി പറയുന്നു. ഇതിലെ ആദ്യത്തെ മെത്തയാണ് ഡ്രേക്ക് വാങ്ങിയത്. ലിനസ് അഡോൾഫ്സൺ ആണ് ഹെസ്റ്റൻസ് സ്ലീപ്പ് സ്പാ എന്ന കമ്പനിയുടെ ഉടമ. മെത്തയിൽ നിറച്ചിരിക്കുന്നത് കുതിരയുടെ മുടിയാണെന്ന് ലിനസ് പറയുന്നു. കൊവിഡ് കാരണം നിർമാണം നിർത്തിവച്ചെങ്കിലും ലോക്ക് ഡൗണിനിടെ മെത്തയ്ക്ക് ആവശ്യക്കാർ കൂടി എന്നും അദ്ദേഹം പറയുന്നു.