
മധുര പലഹാരങ്ങൾ കണ്ടാൽ ആരുടെ വായിലാണ് വെള്ളമൂറാത്തത്. അതിന്റെ ആകൃതിയും മണവുമൊക്കെ പലഹാരപ്രേമികളെ കൊതിപിടിപ്പിക്കുക തന്നെ ചെയ്യും. എന്നാൽ, ഈ മധുര പലഹാരങ്ങൾ അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. കണ്ടാൽ അറപ്പ് തോന്നും. അതെങ്ങനെയെന്നല്ലേ, ആ തരത്തിലാണ് അവയുടെ രൂപം. ഒരു ഷെഫിന്റെ 'കലാപരിപാടി'യാണിത്.
പക്ഷേ, ഒന്നോർക്കുക, ഈ പലഹാരങ്ങൾക്ക് ലുക്ക് ഇല്ലന്നേയുള്ളൂ , ഒടുക്കത്തെ രുചിയാണ്. ലണ്ടനിലെ ഷെഫ് ബെൻ ചർച്ചിൽ ഉണ്ടാകുന്ന ഈ മധുരപലഹാരങ്ങൾ കണ്ടാൽ ആരും ഞെട്ടി പോകും. നമുക്ക് ചുറ്റും കാണുന്ന വൃത്തിയില്ലാത്ത സാധനങ്ങളുടെ അതേ രൂപത്തിലാണ് ഈ സ്വാദിഷ്ടമായ മധുര പലഹാരങ്ങൾ ഉണ്ടാകുന്നത്. മിക്ക ഷെഫുമാരും അവരുടെ മധുരപലഹാരങ്ങൾ കഴിയുന്നത്ര മനോഹരമാക്കാൻ ശ്രമിക്കുമ്പോൾ ബെൻ ചർച്ചിൽ ചിന്തിക്കുന്നത് നേരെ മറിച്ചാണ്. തന്റെ മധുര പലഹാരങ്ങൾ കണ്ടാൽ ഭക്ഷ്യയോഗ്യമാണെന്ന് തോന്നരുത് എന്നാണ് അദ്ദേഹം പറയുന്നത്. സിഗരറ്റ് കഷ്ണങ്ങൾ നിറഞ്ഞ ചാര പാത്രം, ഡിറ്റർജന്റ് നിറഞ്ഞ പാത്രം കഴുകുന്ന സ്‌പോഞ്ചുകൾ, ചീഞ്ഞ പഴങ്ങൾ എന്നിങ്ങനെ വിചിത്ര രൂപങ്ങളാണ് പലഹാരങ്ങൾക്ക്.
ഇപ്പോൾ പത്തുവർഷത്തിൽ കൂടുതലായി ഒരു പ്രൊഫഷണൽ ഷെഫായി ജോലി ചെയ്യുകയാണ് ബെൻ. ഷെഫ് ആകാൻ സ്വയം പരിശീലിച്ച ഇദ്ദേഹം നാല് വർഷം മുൻപാണ് മധുരപലഹാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയത്. പക്ഷേ, മറ്റെല്ലാവരും ഉണ്ടാക്കുന്ന ഭംഗിയുള്ള പലഹാരങ്ങൾ തനിക്ക് ഉണ്ടാക്കണ്ട എന്ന് അദ്ദേഹം തീരുമാനിച്ചു. ഇൻസ്റ്റാഗ്രാമിൽ ഇപ്പോൾ നിറയെ ഫോളോവേഴ്സ് ഉണ്ട് ബെൻ ചർച്ചിലിന്. പണിയെടുക്കുന്ന റെസ്റ്റോറന്റിൽ അല്ല, സ്വന്തം വീട്ടിലാണ് ചർച്ചിൽ ഈ വികൃത രൂപങ്ങളുള്ള പലഹാരങ്ങൾ ഉണ്ടാകുന്നത്.