photo

കൊല്ലം: അടിയന്തരാവസ്ഥയ്ക്കെതിരെ നിയമസഭയിൽ കയറി പ്രതിഷേധിച്ചതിലൂടെ ശ്രദ്ധനേടിയ സി.പി.എം നേതാവ് കൊട്ടാരക്കര പെരുംകുളം ഇന്ദുഭവനിൽ സി. ഇന്ദിര (65) നിര്യാതയായി. അന്നത്തെ പൊലീസ് മർദ്ദനം സമ്മാനിച്ച അനാരോഗ്യം കടുത്തതിനെ തുടർന്ന് മൂന്നു വർഷമായി കിടപ്പിലായിരുന്നു.

ഇന്ന് രാവിലെ 9.30ന് കൊട്ടാരക്കര സി.പി.എം ഓഫീസിലും തുടർന്ന് പെരുംകുളത്തെ വസതിയിലും പൊതുദർശനത്തിന് വയ്ക്കും. സംസ്കാരം ഉച്ചയ്ക്ക് 2ന് പെരുംകുളത്തെ വീട്ടുവളപ്പിൽ. സി.പി.എം നേതാവായിരുന്ന പരേതനായ ടി.ജി. ഗോപിനാഥിന്റെ ഭാര്യയാണ്. കുണ്ടറയിൽ മകൾ ഇന്ദുനാഥിന് (വെണ്ടാർ എസ്.സി.ബി) ഒപ്പമായിരുന്നു താമസം. മരുമകൻ: രാധാകൃഷ്ണൻ (കെ.ടി.ഡി.സി, കൊല്ലം).

അടിയന്തരാവസ്ഥയ്ക്കെതിരെ 1976ൽ നിയമസഭയിൽ കയറി പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ മുദ്രാവാക്യം വിളിച്ച ആറംഗ വനിതാ സംഘത്തിന് നേതൃത്വം നൽകിയത് ഇന്ദിരയാണ്. തുടർന്നാണ് പൊലീസ് മർദ്ദനത്തിന് ഇരയായത്. പിന്നീട് കശുഅണ്ടി മേഖലയിൽ ഉൾപ്പെടെ നിരവധി സമരങ്ങൾക്ക് നേതൃത്വം നൽകി.

സി.പി.എം താലൂക്ക് കമ്മിറ്റി അംഗം, സി.ഐ.ടി.യു അഖിലേന്ത്യാ ജനറൽ കൗൺസിൽ അംഗം, മഹിളാ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം, കാഷ്യൂ വർക്കേഴ്സ് സെന്റർ അംഗം, മൈലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.