കുണ്ടറ: കൊവിഡിന്റെ പശ്ചാത്തലത്തിൽ റോഡുവക്കിലെ മീൻകച്ചവടം തടഞ്ഞതോടെ പ്രതിസന്ധിയിലായ മത്സ്യവ്യാപാരികൾ കുണ്ടറയിൽ നടന്നുവന്ന അന്തിപ്പച്ചയുടെ മത്സ്യക്കച്ചവടം തടഞ്ഞു. ബഹളത്തെ തുടർന്ന് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടതോടെ അന്തിപ്പച്ചയുടെ മത്സ്യവ്യാപാരം പൊലീസിന്റെ നിർദ്ദേശപ്രകാരം പള്ളിമുക്ക് ചന്തയിലേക്ക് മാറ്റി. റോഡുവക്കിലെ മീൻകച്ചവടം നിറുത്തിവയ്പ്പിച്ചത് അന്തിപ്പച്ചയ്ക്കും ബാധകമാക്കണമെന്നതായിരുന്നു ഇവരുടെ ആവശ്യം. പതിവിലും വൈകി 3.30ഓടെയാണ് മത്സ്യഫെഡിന്റെ അന്തിപ്പച്ച വാഹനം മീനുമായെത്തിയത്. വാഹനം എത്തിയതോടെ സ്ത്രീകളടക്കമുള്ള പത്തോളം മത്സ്യവ്യാപാരികൾ വില്പന തടഞ്ഞു. മത്സ്യം വാങ്ങാനെത്തുന്നവർ സാമൂഹ്യഅകലം പാലിക്കുന്നില്ലെന്നും അന്തിപ്പച്ചയ്ക്ക് മാത്രമായി റോഡുവക്കിൽ കച്ചവടം അനുവദിക്കാനാവില്ലെന്നുമായിരുന്നു പ്രതിഷേധക്കാരുടെ വാദം.
മത്സ്യക്കച്ചവടക്കാർ പറയുന്നത്
റോഡിനുവശത്തെ മത്സ്യവ്യാപാരം നിറുത്തിവയ്പ്പിച്ചത് അന്തിപ്പച്ചയ്ക്കും ബാധകമാക്കണമെന്നാണ് മത്സ്യക്കച്ചവക്കാരുടെ പ്രധാന ആവശ്യം. റോഡുവക്കിലെ മത്സ്യക്കച്ചവടം തടഞ്ഞതിനാൽ തങ്ങൾ പട്ടിണിയിലാണെന്നും സർക്കാർ സംവിധാനങ്ങൾക്കും നിയമം ബാധകമാക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു. അന്തിപ്പച്ചയുടെ മത്സ്യം വാങ്ങാനെത്തുന്നവർ കൊവിഡിന്റെ പശ്ചാത്തലത്തിൽ സാമൂഹ്യ അകലം പാലിക്കുന്നില്ലെന്നാണ് മത്സ്യക്കച്ചവടക്കാരുടെ ആരോപണം.
ഗതാഗതക്കുരുക്ക്
കുണ്ടറ പൊലീസ് സ്ഥലത്തെത്തി മത്സ്യവ്യാപാരികളുമായി സംസാരിച്ചെങ്കിലും ഇവർ പിന്മാറാൻ കൂട്ടാക്കിയില്ല. അന്തിപ്പച്ചയുടെ വാഹനത്തിനുള്ളിൽ സൂക്ഷിച്ചിട്ടുള്ള മത്സ്യങ്ങൾ പലതും ചീഞ്ഞതാണെന്നും ഇത് പരിശോധിക്കണമെന്നും ഇവർ പൊലീസിനോട് ആവശ്യപ്പെട്ടു. മത്സ്യം വാങ്ങാനെത്തിയവരും പൊലീസും പ്രതിഷേധക്കാരും ചേർന്നതോടെയാണ് ദേശീയപാതയിൽ ഗതാഗതക്കുരുക്ക് രൂപപ്പെട്ടത്. ഇതോടെയാണ് മത്സ്യവില്പന റോഡിൽ നിന്ന് പള്ളിമുക്ക് ചന്തയിലേക്ക് മാറ്റിയത്.