toilet

ലോകത്തിലെ ഏറ്റവും അപകടം പിടിച്ച, പേടിപ്പെടുത്തുന്ന ടോയ്‌ലറ്റ് എവിടെയാണെന്നോ ? അങ്ങ് സൈബീരിയയിൽ. സമുദ്രനിരപ്പിൽ നിന്ന് 2,600 മീറ്റർ (8,500 അടി) ഉയരത്തിലാണ് ഈ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. ഇത് കണ്ടാൽതന്നെ ആർക്കും പേടിതോന്നും. അപ്പോൾപിന്നെ അവ ഉപയോഗിക്കുന്നതിന്റെ കാര്യം പറയേണ്ടതുണ്ടോ?

ഒരു മലഞ്ചെരുവിന്റെ വക്കിൽ, ഇപ്പോൾ താഴേക്ക് പതിച്ചേക്കാം എന്ന അവസ്ഥയിലാണ് അതിന്റെ നിൽപ്പ്. വളരെ ഭാരമുള്ള ഒരാൾ ഉപയോഗിച്ചാൽ ചിലപ്പോൾ അത് കൊക്കയിലേക്ക് മറിഞ്ഞു വീഴുമെന്ന് തോന്നിപ്പോകും. പക്ഷേ, അങ്ങനെയങ്ങ് പേടിക്കേണ്ട ആവശ്യമില്ല. പൊതുജനങ്ങൾക്കുവേണ്ടി നിർമ്മിച്ച ടോയ്ലെറ്റല്ല ഇത്. അവിടെ ജോലി ചെയ്യുന്ന അഞ്ചുപേർക്ക് ഉപയോഗിക്കാൻ വേണ്ടിമാത്രം ഉള്ളവയാണിവ. കാരാ-ട്യൂറേക്ക് എന്ന കാലാവസ്ഥാ സ്റ്റേഷനിലെ ജീവനക്കാർക്ക് വേണ്ടി നിർമ്മിച്ച ടോയ്ലറ്റുകളാണിവ.

പ്രാദേശിക ഭാഷയിൽ ‘കറുത്ത ഹൃദയം’ എന്നർത്ഥമുള്ള കാരാ-ത്യുറെക് റഷ്യൻ അൾട്ടായി പർവതനിരകളിലാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെ സ്ഥിതി ചെയ്യുന്ന കാലാവസ്ഥാ സ്റ്റേഷൻ 1939 മുതൽ പ്രവർത്തിക്കുന്നുണ്ട്. അവിടെ ജോലിചെയ്യുന്ന അഞ്ച് ആളുകൾക്ക് ഉപയോഗിക്കാൻ ഈ ഒരു ടോയ്‌ലറ്റ് മാത്രമേയുള്ളൂ. മാസത്തിലൊരിക്കൽ, ഒരു പോസ്റ്റ്മാൻ കാലാവസ്ഥാ ഡാറ്റ ശേഖരിക്കാൻ ഇവരെ സന്ദർശിക്കും. ഒരു ഹെലികോപ്ടർ വർഷത്തിൽ ഒരിക്കൽ ഭക്ഷണസാധനങ്ങളും വെള്ളവും വിറകും എത്തിക്കും. ലോകത്തിലെ ഏറ്റവും അപകടം പിടിച്ച പേടിപ്പെടുത്തുന്ന ടോയ്‌ലറ്റുകളിൽ ഒന്നായി ഇതിനെ ബെലാറസിൽ പ്രവർത്തിക്കുന്ന ഇന്റർഫാക്‌സ് ന്യൂസ് ഏജൻസി കണക്കാക്കുന്നു. ഭയമില്ലാതെ ഇത് ഉപയോഗിക്കാൻതന്നെ ഏറെ നാളുകളെടുക്കും.