സ്വന്തമെന്ന് പറയാൻ ഒരു മേൽവിലാസം പോലും ഇല്ലാത്ത, വീടില്ലാത്ത ഒരുപാട് പേരുണ്ട്. അവർക്കൊക്കെ എങ്ങനെ വോട്ടവകാശം ലഭിക്കും? അത്തരം ആളുകൾക്ക് ആശ്വാസം നൽകുകയാണ് ഒരു ബാർ. വീടില്ലാത്തവരുടെ, വിലാസമില്ലാത്തവരുടെ വിഷയം ഒരു ചോദ്യമായി ഉയർന്നപ്പോൾ ഇംഗ്ലണ്ടിലെ ബ്രിസ്റ്റോൾ നഗരത്തിലെ അർനോൾഫിനി ബാർ ജീവനക്കാരാണ് ഇത്തരമൊരു ആശയത്തിന് സാക്ഷാത്കാരം നൽകിയത്.
വോട്ട് ചെയ്യുക എന്നത് യാതൊരു പൗരന്റെയും അവകാശമാണ്. ആ പൗരന്റെ സാമ്പത്തിക സ്ഥിതി അതിനൊരു മാനദണ്ഡം അല്ല. എന്നാൽ, വോട്ടവകാശം ലഭിക്കാൻ പേരിനൊടൊപ്പം ഒരു വിലാസം കൂടിയേ തീരു. അവിടെയാണ് ഈ ബാർ ഒരു നിർണായക റോൾ വഹിക്കുന്നത്. ബ്രിസ്റ്റോളിലെ ഭവനരഹിതരായ ആളുകളെ സിറ്റി സെന്ററിൽ സ്ഥിതി ചെയ്യുന്ന ഈ ബാറിലെ ഉദ്യോഗസ്ഥർ വോട്ടിനുള്ള രജിസ്റ്റർ ചെയ്യാൻ സഹായിക്കും.
അർനോൾഫിനി ബ്രിസ്റ്റോൾ ബിയർ ഫാക്ടറി ബാറിലെ തൊഴിലാളികൾ ഇത്തരം ആളുകളെ സഹായിക്കുന്നതിന്റെ ഭാഗമായി ഇതിനായിട്ടുള്ള ഔദ്യോഗിക രേഖകളും ഫോമുകളും അച്ചടിക്കുകയും, അധികൃതർക്ക് അയയ്ക്കുകയും ചെയ്യും. അതുമാത്രമല്ല ആവശ്യമെങ്കിൽ ആളുകൾക്ക് ബാറിന്റെ വിലാസം അവരുടെ പേരിൽ ഉപയോഗിക്കാൻ അനുവദിക്കുകയും ചെയ്യും. വോട്ട് ചെയ്യാൻ രജിസ്റ്റർ ചെയ്താൽ സൗജന്യമായി ഒരു ഹോട്ട് ഡ്രിങ്കും കിട്ടും.
''വോട്ടുചെയ്യാൻ ആഗ്രഹിക്കുന്ന ഭവനരഹിതരായ ഏതെങ്കിലും ആളുകളെ നിങ്ങൾക്കറിയാമെങ്കിൽ അവർക്ക് ഞങ്ങളുടെ വിലാസം ഉപയോഗിക്കാം. അർനോൾഫിനി കഫെ ബാറിലേക്ക് വരാൻ അവരോട് പറയുക. ഞങ്ങൾ അവർക്ക് അപേക്ഷാ ഫോമും ഒരു ഹോട്ട് ഡ്രിങ്കും നൽകാം. ” എന്നാണ് ബാറുടമയുടെ വാഗ്ദാനം.