wheels

റോഡിൽ എന്തുമാത്രം വാഹനങ്ങളാണ് ദിനംപ്രതി വർദ്ധിച്ചുവരുന്നത്. ആ കണക്കുവച്ച് എത്ര മാത്രം ടയറുകൾ കാണും? അങ്ങനെ കണക്കുകൂട്ടിയാൽ പെട്ടെന്നൊന്നും എത്താനാവില്ല കൃത്യമായ കണക്കിൽ. കുവൈറ്റിലെ സുലാബിയ മരുപ്രദേശത്ത് ചെന്നാൽ ടയറുകളുടെ ശവപ്പറമ്പ് കണ്ട് ആരുമൊന്ന് ഞെട്ടും. ശരിക്കും ചക്രങ്ങളുടെ ശ്മശാന ഭൂമിയാണ് കുവൈറ്റ് ലാൻഡ്‌ഫിൽ സൈറ്റായ സുലാബിയ. വാഹനങ്ങളിൽ ഉപയോഗിക്കുന്ന ടയർ ശരാശരി 30,000 കിലോമീറ്റർ വരെ ഉപയോഗിക്കാനാവും എന്നാണ് കണക്ക്.

കുവൈറ്റിൽ ഉപയോഗശൂന്യമായ ടയറുകൾ ഈ പ്രദേശത്താണ് നിക്ഷേപിക്കുന്നത്. എല്ലാവർഷവും മരുഭൂമിയിൽ വലിയ കുഴികൾ എടുത്താണ് പഴയ ടയറുകൾ നിക്ഷേപിക്കുന്നത്. കുവൈറ്റിന് സമീപത്തുള്ള രാജ്യങ്ങളും ഇങ്ങോട്ടേക്ക് ടയറുകൾ അയയ്ക്കുന്നുണ്ട്. കുവൈറ്റിലെ നാല് കമ്പനികൾക്കാണ് ടയർ നിർമാർജനത്തിന്റെ ചുമതല. കൂടാതെ ടയറുകൾ ഇവിടെ നിക്ഷേപിക്കാൻ അവർ നല്ലൊരു തുക മറ്റുള്ളവരിൽ നിന്ന് വാങ്ങുന്നുമുണ്ട്. മറ്റു രാജ്യങ്ങളിൽ ടയറുകൾ കൂട്ടിയിടുന്നത് അനുവദിക്കാറില്ല. ഉദാഹരണത്തിന്,യൂറോപ്യൻ ലാൻഡ്‌ഫിൽ റൂൾസ് അനുസരിച്ച് ടയറുകൾ മണ്ണിൽ നിക്ഷേപിക്കുന്നത് നിയമവിരുദ്ധമാണ്. അവിടെ ടയറുകൾ പുനഃരുപയോഗിച്ചേ മതിയാകൂ. ഈ നിയമം വരാനുള്ള പ്രധാന കാരണം ടയറുകൾ സൃഷ്ടിക്കുന്ന അപകടമാണ്.

പണ്ട് കുവൈറ്റിലെ മറ്റൊരു ടയർ ലാൻഡ്‌ ഫില്ലിൽ തീ പടർന്നുപിടിച്ചിരുന്നു. അൽ ജഹ്‌റയ്ക്ക് സമീപമുള്ള ടയർ ഡമ്പിംഗ് യാർഡിലാണ് തീപിടിത്തമുണ്ടായത്. ടയറിലെ തീ കെടുത്താൻ പ്രയാസമാണ്, കൂടാതെ ഉണ്ടാകുന്നത് വലിയ പുകയും. അത് പുറന്തള്ളുന്ന രാസവസ്തുക്കളും വലിയ ആരോഗ്യപ്രശ്നങ്ങൾ സൃഷ്ടിക്കും. ഉപയോഗശൂന്യമായ ടയറുകളുടെ വലിയൊരു ശതമാനം ചില രാജ്യങ്ങൾ ഇന്ധനത്തിനായി കത്തിക്കുന്നുണ്ട്. ടയറുകൾ കത്തുമ്പോൾ ഉള്ള കലോറി മൂല്യം കൽക്കരിയെക്കാൾ കൂടുതലാണ്. കൽക്കരിയെ അപേക്ഷിച്ച് സൾഫർ കുറവുമാണ്.