photo

കൊല്ലം: സൈനിക ഉദ്യോഗസ്ഥനെന്ന പേരിൽ ഓൺലൈനിലൂടെ നടത്തിയ തട്ടിപ്പിൽ നിരവധി പേർ കബളിപ്പിക്കപ്പെട്ടു, കൊല്ലം റൂറൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. ജമ്മു കാശ്‌മീരിലേക്ക് സ്ഥലം മാറി പോകുന്നതിനാൽ വാഹനം വിൽക്കാൻ ആഗ്രഹിക്കുന്നുവെന്ന് ഫേസ് ബുക്ക് പോസ്റ്റിടുന്നതാണ് തട്ടിപ്പിന്റെ ആദ്യ പടി.

യാഥവ് എന്ന പേരിൽ ഹിന്ദി സംസാരിക്കുന്നയാളുടെ ഫോൺ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരുമാണ് നൽകിയിരിക്കുന്നത്.പാങ്ങോട് സൈനിക ക്യാമ്പിൽ ജോലി ചെയ്തപ്പോൾ ഭാര്യയുടെ പേരിൽ വാങ്ങിയ കാർ എന്നാണ് ഫോണിൽ ബന്ധപ്പെടുന്നവരോട് പറയുന്നത്. കൊവിഡ് കാലത്ത് വാഹനം കാണിക്കാനോ സംസാരിക്കാനോ സാദ്ധ്യമല്ലാത്തതിനാൽ മിലിട്ടറി കൊറിയറിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുമെന്നാണ് അറിയിക്കുന്നത്.

കൊറിയർ ചെലവിനായി 7,000 രൂപ മുതൽ 12,000 രൂപ വരെ ഗൂഗിൾ പേ വഴി അയയ്ക്കാൻ ആവശ്യപ്പെടും. മിലിട്ടറി ട്രക്കിൽ ആവശ്യപ്പെടുന്ന സ്ഥലത്ത് എത്തിക്കുന്ന വാഹനം ഇഷ്ടപ്പെട്ടില്ലെങ്കിൽ പണം തിരികെ നൽകുമെന്നാണ് തട്ടിപ്പുകാരന്റെ നിലപാട്. കടയ്ക്കൽ, അഞ്ചൽ, പത്തനാപുരം, അടൂർ മേഖലകളിലെ നിരവധി പേർ തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നാണ് വിവരം. നാണക്കേട് ഓർത്ത് പലരും പരാതി നൽകാൻ തയ്യാറാകുന്നില്ല. പണം അയച്ച ശേഷം വിളിച്ചാൽ ഫോണെടുക്കാറില്ല. വാഹനത്തിന് പുറമെ കാമറ, കമ്പ്യൂട്ടർ എന്നിവ നൽകാമെന്ന് പറഞ്ഞും തട്ടിപ്പുകൾ നടക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. ഫോൺ നമ്പരും ബാങ്ക് അക്കൗണ്ട് നമ്പരും വച്ച് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ പിടികൂടാൻ ശ്രമം നടത്തുമെന്ന് സ്പെഷ്യൽ ബ്രാഞ്ച് ഡിവൈ.എസ്.പി ബി.വിനോദ് അറിയിച്ചു.