കൊല്ലം: കൊവിഡ് നിയന്ത്രണങ്ങൾക്കിടയിലും മോഷണത്തിന് കുറവില്ല. കുണ്ടറയിൽ ചെറുമൂട്, കുഴിയം ഭാഗങ്ങളിലെ മൂന്ന് ക്ഷേത്രങ്ങളിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം കവർന്നു. കുഴിയത്തുകാവ് മഹാദേവീക്ഷേത്രം, ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, ചെറുമൂട് കളരി പരദേവതാ ക്ഷേത്രം എന്നിവിടങ്ങളിലെ വഞ്ചികളാണ് കുത്തിത്തുറന്നത്. കുഴിയം ക്ഷേത്രത്തിലെ വില്ലേജ് ജംഗ്ഷൻ ഓട്ടോ സ്റ്റാൻഡിൽ സ്ഥാപിച്ചിട്ടുള്ള വഞ്ചിയാണ് കുത്തിത്തുറന്നത്. ഇടവട്ടം ചെറുമൂട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള വഞ്ചി മതിൽക്കെട്ടിനുള്ളിൽ കടന്നാണ് കുത്തിത്തുറന്നത്. കളരി പരദേവതാ ക്ഷേത്രമതിൽക്കെട്ടിനുള്ളിൽ നിന്ന് വഞ്ചി മോഷ്ടിച്ച് ചെറുമൂട് ജംഗ്ഷനിലെത്തിച്ചാണ് പണം അപഹരിച്ചത്. പണമെടുത്ത ശേഷം വഞ്ചി ഉപേക്ഷിക്കുകയായിരുന്നു. കഴിഞ്ഞയാഴ്ച പെരിനാട് വില്ലേജ് ജംഗ്ഷനിലെ സ്ഥാപനത്തിന് മുന്നിലെ കാമറ മോഷണം പോയിരുന്നു. കുണ്ടറ, അഞ്ചാലുംമൂട് പൊലീസ് അന്വേഷണം ആരംഭിച്ചു.