കൊല്ലം: ബോട്ടുടമയ്ക്കും തൊഴിലാളികൾക്കും കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ശക്തികുളങ്ങര തുറമുഖം അടച്ചതോടെ നീണ്ടകര , അഴീക്കൽ തുറമുഖങ്ങളിൽ തിരക്കേറുന്നത് ആരോഗ്യ പ്രവർത്തകരെ ആശങ്കയിലാക്കുന്നു. മാസ്ക് ധരിപ്പിച്ചും കൈകൾ ശുചിയാക്കിയുമാണ് ആളുകളെ പ്രവേശിപ്പിക്കുന്നതെങ്കിലും സാമൂഹ്യ അകലം പാലിക്കൽ സാദ്ധ്യാകാത്തതാണ് ആശങ്കയുടെ അടിസ്ഥാനം. ശക്തികുളങ്ങരയിൽ നിന്ന് ബോട്ടുകൾക്കൊപ്പം മത്സ്യക്കച്ചവടക്കാരും നീണ്ടകര , അഴീക്കൽ തുറമുഖങ്ങളിലേക്ക് കൂട്ടത്തോടെ വന്നതാണ് സ്ഥിതിഗതികൾ ഗുരുതരാവസ്ഥയിലെത്തിച്ചത്. ശക്തികുളങ്ങര ഹാർബർ അടച്ചുകൊണ്ടുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് വന്നശേഷം ആരോഗ്യ വകുപ്പും പൊലീസും നീണ്ടകര അഴീക്കൽ തുറമുഖങ്ങളുടെ നിയന്ത്രണം ഏറ്രെടുത്തിരുന്നു. നീണ്ടകരയിലും അഴീക്കലും ആരോഗ്യ വകുപ്പും പൊലീസും ചേർന്ന് പനിയും ശരീരോഷ്മാവും പരിശോധിച്ചശേഷമാണ് മത്സ്യതൊഴിലാളികളെ ഹാർബറിൽ പ്രവേശിപ്പിച്ചത്.
വാഹനങ്ങളും അണുവിമുക്തമാക്കുന്നുണ്ട്. മാസ്ക് ധരിച്ചെത്തുന്നവരെ കൈകൾ ശുദ്ധമാക്കിയാണ് പ്രവേശിപ്പിക്കുന്നതെങ്കിലും പാസുമായി ഹാർബറിനുള്ളിൽ കടക്കുന്നവർ നിശ്ചിത സമയത്തിനകം മത്സ്യം വാങ്ങി മടങ്ങാത്തത് സാമൂഹ്യ അകലം പാലിക്കലുൾപ്പെടെയുള്ള കാര്യങ്ങളുടെ ലംഘനത്തിന് ഇടയാക്കുന്നുണ്ട്. മത്സ്യം ഹാർബറിൽ കൂടുന്നതനുസരിച്ച് വിലകുറയുന്നത് ലക്ഷ്യമാക്കിയാണ് ഇവർ ഇവിടെ ക്യാമ്പ് ചെയ്യുന്നത്. സാമൂഹ്യ അകലം പാലിക്കുന്നുവെന്ന് ഉറപ്പാക്കാൻ അദ്ധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരെയും വോളന്റിയർമാരെയും ഇവിടേക്ക് നിയോഗിച്ചിട്ടുണ്ടെങ്കിലും ഇവരുടെ നിർദേശങ്ങളോ ഉപദേശങ്ങളോ മത്സ്യതൊഴിലാളികളോ കച്ചവടക്കാരോ അനുസരിക്കാൻ കൂട്ടാക്കുന്നില്ല.
അഴീക്കലും ഇതുതന്നെയാണ് പ്രശ്നം. സ്ഥലപരിമിതിയിൽ വീർപ്പ് മുട്ടുന്ന അഴീക്കൽ ഹാർബറിൽ വാർഫിന് നീളം നന്നേ കുറവാണ്. ഒരുസമയം കഷ്ടിച്ച് നാലോ അഞ്ചോ വള്ളങ്ങളോ ബോട്ടുകളോ മാത്രം അടുക്കാൻ സൗകര്യമുള്ള ഇവിടെ മത്സ്യംതരംതിരിക്കാനും ലേലം ചെയ്യാനും പായ്ക്ക് ചെയ്ത് വാഹനങ്ങളിൽ കയറ്റി ബന്തവസാക്കാനും മതിയായ സ്ഥല സൗകര്യമില്ല. നീണ്ടകരയിൽ നിന്ന് വ്യത്യസ്തമായി ഒരേ സമയം ചെറുകിട കച്ചവടക്കാരും മൊത്തവിതരണക്കാരും പാസുമായി ഹാർബറിൽ പ്രവേശിക്കുന്നതും ആളുകൾ കൂട്ടം കൂടുന്നതിനും കാരണമാകുന്നുണ്ട്.
പൊലീസിന്റെ നേതൃത്വത്തിൽ ട്രേഡ് യൂണിയനുകളുടെ സഹായത്തോടെ മത്സ്യതൊഴിലാളികളുടെയും വിൽപ്പനക്കാരുടെയും ചുമട്ട് തൊഴിലാളികളുടെയും വാട്ട്സ് ആപ് ഗ്രൂപ്പുകളിൽ വോയ്സ് മെസേജായും കൊവിഡ് പ്രോട്ടോക്കോൾ പാലിക്കേണ്ടതിന്റെ ആവശ്യകത ഓർമ്മിപ്പിക്കുന്നുണ്ടെങ്കിലും അതൊന്നും ഫലപ്രദമാകുന്ന നിലയിലല്ല കാര്യങ്ങൾ. മത്സ്യതൊഴിലാളികളും വിൽപ്പനക്കാരും ചുമട്ടുകാരും കൊവിഡ് പ്രതിരോധ കാര്യത്തിൽ വിവേകപൂർവ്വം പെരുമാറാത്ത പക്ഷം വരും ദിവസങ്ങളിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെപ്പറ്റിയുള്ള ആലോചനയിലാണ് ജില്ലാ ഭരണകൂടം. മത്സ്യക്കച്ചവടം തിരുവനന്തപുരത്തെ തീരദേശത്ത് രോഗവ്യാപനത്തിനിടയാക്കിയ സാഹചര്യം മുൻനിർത്തി കർശന നിയന്ത്രണങ്ങളിലൂടെ കാര്യങ്ങൾ കൈപ്പിടിയിലൊതുക്കാനാണ് അധികൃതരുടെ ശ്രമം. അത് സാദ്ധ്യമല്ലെന്ന് കണ്ടാൽ കരുതലെന്ന നിലയിൽ തുറമുഖങ്ങൾ വീണ്ടും അടച്ചിടേണ്ടിവരുമെന്ന മുന്നറിയിപ്പും ജില്ലാ ഭരണകൂടം നൽകുന്നുണ്ട്.