കൊല്ലം: വാഹനത്തിന് സൈഡ് കൊടുക്കുന്നതിനെ ചൊല്ലിയുണ്ടായ തർക്കത്തിനിടെ മർദ്ദനമേറ്റ യുവാവ് ആറ്റിൽ മരിച്ച സംഭവത്തിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ചാത്തന്നൂർ കോയിപ്പാട് ശ്രീ വിലാസത്തിൽ ഐവിൻ വിജയനെയാണ് (32) കഴിഞ്ഞ ദിവസം ഇത്തിക്കരയാറ്റിൽ പള്ളിക്കമണ്ണടി ഭാഗത്തെ കടവിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മെഡിക്കൽ റെപ്രസന്റേറ്റീവായ ഐവിനും സുഹൃത്തുക്കളും കാറിൽ വരുന്ന വഴി ബൈക്കിൽ ഇടിക്കാൻ ശ്രമിച്ചെന്നാരോപിച്ച് പിന്നാലെ ബൈക്കിൽ വന്ന യുവാക്കൾ ഇവരെ പിന്തുടർന്ന് മർദ്ദിച്ചു. മർദ്ദനമേറ്റ ഐവിൻ വീട്ടിലേക്ക് മടങ്ങിയെങ്കിലും വീടുകയറിയും അക്രമി സംഘം ഐവിനെ മർദ്ദിച്ചു. അതിനു ശേഷം അക്രമി സംഘം രക്ഷപ്പെട്ടു. തുടർന്ന് ഇവർക്കെതിരെ പരാതി നൽകാനായി ഐവിൻ ഷർട്ട് പോലും ധരിക്കാതെ സുഹൃത്തിന്റെ കാറിൽ ചാത്തന്നൂർ പൊലീസ് സ്റ്റേഷനിലേക്ക് പോയി. കുമ്മല്ലൂർ തോണിക്കടവിന് സമീപം ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ രാത്രി പത്തരയോടെ കാറിടിച്ചു. അപകടവിവരം ഐവിൻ ഭാര്യയെ ഫോണിൽ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് വീട്ടുകാരെത്തും മുമ്പേ നാട്ടുകാരും പൊലീസും സ്ഥലത്തെത്തിയെങ്കിലും ഐവിൻ കാറിലുണ്ടായിരുന്നില്ല.
എന്നാൽ, ഈ സമയം പൊലീസിനെ ഭയന്ന് താൻ ഇത്തിക്കരയാറിന് കുറുകെയുള്ള പാലത്തിന്റെ സമീപത്തേക്ക് മാറി നിൽക്കുന്നതായി ഐവിൻ ഭാര്യയെ വിളിച്ച് പറഞ്ഞിരുന്നു. തുടർന്ന് ബന്ധുക്കളും നാട്ടുകാരും ചേർന്ന് ഐവിന് വേണ്ടി തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞില്ല. പിന്നീട് വ്യാഴാഴ്ച ഇത്തിക്കരയാറ്റിൽ നടത്തിയ തെരച്ചിലിലാണ് ഐവിന്റെ മൃതദേഹം പള്ളിക്കമണ്ണടിക്ക് സമീപത്തെ കടവിൽ നിന്ന് കണ്ടെത്തിയത്. ഐവിന്റെ ഫോൺ പാന്റിന്റെ പോക്കറ്റിൽ സൂക്ഷിച്ചിരിക്കുന്ന നിലയിൽ കണ്ടെത്തി. ഭാര്യയുമായി ഫോണിൽ സംസാരിച്ചശേഷം അവിടെ നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടയിലെങ്ങനെയോ ഐവിൻ അപകടത്തിൽപ്പെട്ടതാകാമെന്നാണ് പൊലീസിന്റെ സംശയം. മൃതദേഹം കൊവിഡ് പരിശോധനയ്ക്കും പോസ്റ്റുമോർട്ടത്തിനുംശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.
അന്വേഷിക്കുന്നുവെന്ന് പൊലീസ്
വീട്ടിൽ നിന്ന് ഐവിൻ പൊലീസ് സ്റ്റേഷനിലേക്ക് വരും വഴി വീണ്ടും അക്രമികൾ ഇയാളെ പിന്തുടർന്നിരുന്നോ എന്നതുൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷിച്ചുവരികയാണെന്ന് ചാത്തന്നൂർ പൊലീസ് അറിയിച്ചു. അക്രമി സംഘത്തിൽപ്പെട്ട ഒരാളുടെ ഫോൺ ഐവിന്റെ വീട്ടിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അടിപിടിക്കിടെ അക്രമിസംഘത്തിൽപ്പെട്ടവരുടെ കൈയ്യിൽ നിന്ന് നഷ്ടപ്പെട്ടതാണിത്. ഫോണിന്റെ ഉടമയുൾപ്പെടെ ഐവിനെയും സുഹൃത്തുക്കളെയും അക്രമിച്ചവരെ തിരിച്ചറിഞ്ഞതായും ഇവരെ ഉടൻ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.