കുടിവെള്ളമില്ലെങ്കിൽ ടോയ്ലെറ്റിൽ നിന്നെടുക്കണമെന്ന്
കൊല്ലം: ആശ്രാമം ഹോക്കി സ്റ്റേഡിയത്തിലെ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററിൽ കഴിയുന്ന അന്തേവാസികളോട് അധികൃതർ മുഖം തിരിക്കുന്നതായി ആക്ഷേപം. തൊണ്ട നനയ്ക്കാൻ തുള്ളിവെള്ളം കിട്ടാതെ വലയുകയാണ് ഭൂരിഭാഗം രോഗികളും. ദിവസം ഒരുതവണ മാത്രമാണ് ഡോക്ടറും നഴ്സുമാരും നിരീക്ഷണത്തിൽ കഴിയുന്നവരുടെ അടുത്തേക്ക് എത്തുന്നതെന്നും പരാതിയുണ്ട്.
സ്ത്രീകൾക്ക് ഇന്നലെ രാവിലെ ഒരു ലിറ്റർ കുപ്പിയിൽ കുടിവെള്ളം നൽകിയിരുന്നു. അതിനുശേഷം ഉച്ചവരെ ഒരുതുള്ളി വെള്ളം പോലും ലഭിച്ചിട്ടില്ല. വ്യാഴാഴ്ച രാത്രി കുടിക്കാൻ വെള്ളമില്ലാഞ്ഞതിനാൽ പതിവ് ടാബ്‌ലെറ്റുകളും പലർക്കും കഴിക്കാനായില്ല. നഴ്സ് റൂമിൽ വിളിച്ച് കുടിവെള്ളം ചോദിച്ചപ്പോൾ ടോയ്ലെറ്റിൽ നിന്ന് എടുക്കാൻ നിർദ്ദേശിച്ചതായും രോഗികൾ പറയുന്നു.
കാര്യമായ രോഗലക്ഷണങ്ങളിലാത്തവരെയാണ് ഇവിടെ നിരീക്ഷണത്തിൽ പാർപ്പിച്ചിരിക്കുന്നത്. പക്ഷെ പലരും മറ്റുപല രോഗങ്ങൾക്കും ദീർഘകാലമായി മരുന്ന് കഴിക്കുന്നവരാണ്. രാവിലെ ആരോഗ്യ വിവരങ്ങൾ അന്വേഷിച്ച് മടങ്ങിയാൽ നഴ്സുമാർ പോലും പിന്നീട് വാർഡിലേക്ക് തിരിഞ്ഞുനോക്കാറില്ല. പുരുഷന്മാർക്ക് വേണ്ടത്ര ടോയ്ലെറ്റ് സൗകര്യമില്ലെന്ന പരാതിയുമുണ്ട്.
കുടിവെള്ളത്തിന് നഗരസഭ തന്നെ കനിയണം
ഹോക്കി സ്റ്റേഡിയത്തിലെ ട്രീറ്റ്മെന്റ് സെന്ററിലേക്ക് നഗരസഭയാണ് കുടിവെള്ളം എത്തിക്കുന്നത്. പുറത്ത് നിന്നും ബന്ധുക്കൾ കുടിവെള്ളം കൊണ്ടുവന്നാലും ഉള്ളിലേക്ക് കടത്തിവിടില്ല.
'' വ്യാഴാഴ്ച രാത്രി തൊണ്ട നനയ്ക്കാൻ പോലും ഒരുതുള്ളി വെള്ളമില്ലായിരുന്നു. ഇന്നലെ രാവിലെ കുടിവെള്ള ചോദിച്ചപ്പോൾ ടോയ്ലെറ്റിൽ നിന്നെടുത്ത് കുടിക്കാനാണ് പറഞ്ഞത്. ശാരീരിക അസ്വസ്ഥതയെ തുടർന്ന് ബി.പി പരിശോധിക്കാൻ വ്യാഴാഴ്ച ആവശ്യപ്പെട്ടതാണ്. ഇന്നലെയാണ് ആളെത്തിയത്."
അന്തേവാസി