പുനലൂർ: ഓണം വരുന്നു. ഒപ്പം കാഴ്ചകളുടെ ലോകം ആസ്വദിക്കാൻ തെന്മല ഇക്കോ ടൂറിസം കേന്ദ്രം അടുത്ത ആഴ്ച തുറക്കും. കൊവിഡ് ഭീതിയെ തുടർന്ന് അടച്ചിട്ടിരുന്ന വനംവകുപ്പിനു കീഴിലുള്ള സംസ്ഥാനത്തെ ഇക്കോടൂറിസം കേന്ദ്രങ്ങളെല്ലാം തുറക്കാനൊരുങ്ങുകയാണ്. .എന്നാൽ തെന്മല, ആര്യങ്കാവ്, കുളത്തൂപ്പുഴ തുടങ്ങിയ സമീപ പ്രദേശങ്ങളിലെ പഞ്ചായത്തുകളിലും, പുനലൂർ നഗരസഭ പ്രദേശങ്ങളിലും കൊവിഡ് വ്യാപകമായത് കണക്കിലെടുത്ത് ജില്ലാ കളക്ടറുടെ അനുമതി കൂടി ലഭിച്ചാലെ തുറന്ന് പ്രവർത്തിപ്പിക്കാനാകൂ.
ആസ്വദിക്കാം സാമൂഹിക അകലം പാലിച്ച്
ടൂറിസ്റ്റ് മേഖലയിൽ മാസ്ക്,സാനിറ്റൈസർ, കൃത്യ ഇടവേളകളിലെ അണുനശീകരണ സൗകര്യങ്ങൾ സജ്ജമാക്കും.ഇക്കോ ടൂറിസത്തിൻെറ എല്ലാ പ്രവേശന കവാടങ്ങളിലൂടെയും കടന്ന് വരുന്ന ടൂറിസ്റ്റുകളുടെ താപനില കൃത്യമായി പരിശോധിക്കും.ആദ്യഘട്ടത്തിൽ പത്ത് വയസിന് താഴെയുളള കുട്ടികൾക്കും, 65ന് മുകളിൽ പ്രായമുളളവർക്കും ഇക്കോ ടൂറിസത്തിൽ പ്രവേശനം അനുവദിക്കില്ല. പൊതുജനങ്ങൾക്ക് ഓൺലൈനായി മാത്രമെ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ കഴിയൂ.പകൽ സമയങ്ങളിൽ മാത്രമാകും ട്രക്കിംഗ്.ഒരു ബാച്ചിൽ ഏഴ് പേരെ മാത്രമെ പരിഗണിക്കുകയുളള.സാമൂഹിക അകലം പാലിച്ച് കൊണ്ട് പരപ്പാർ അണക്കെട്ട് ജലാശയത്തിലെ ഉല്ലാസ ബോട്ട് യാത്ര, കുട്ട വഞ്ചി സവാരിക്ക് പുറമെ വാട്ടർ ഫൗണ്ടൻ, അഡ്വഞ്ചർ സോൺ, മാൻ പാർക്ക് ഉൾപ്പടെയുളളവ തുറന്ന് പ്രവർത്തിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിൻെറ അറ്റകുറ്റ പണികൾ നടത്തി വരികയാണ്.
കൊവിഡ് വ്യാപനത്തെ തുടർന്ന് കടുത്ത നിയന്ത്രണങ്ങളോടെ ടൂറിസ്റ്റ് കേന്ദ്രം തുറന്ന് പ്രവർത്തിക്കുന്നതിന് ജില്ലാ കളക്ടറുടെ അനുമതി ആവശ്യപ്പെട്ട് കത്ത് നൽകിയിട്ടുണ്ട്. കളക്ടറുടെ അനുമതി ലഭിച്ചാൽ ഉടൻ വിനോദസഞ്ചാര കേന്ദ്രം തുറന്ന് പ്രവർത്തിക്കും.
സജീവ്കുമാർ
തെന്മല ശെന്തുരുണി വൈൽഡ് ലൈഫ് വാർഡൻ