ഗ്രാമ, നഗരങ്ങളിൽ ഓണവിപണി സജീവമായി
കൊല്ലം: കൊവിഡ് പ്രതിസന്ധിക്കിടയിലും പത്ത് നാളുകൾക്കപ്പുറം തിരുവോണത്തെ വരവേൽക്കാൻ വിപണി സജീവമാവുകയാണ്. ഗ്രാമ, നഗരങ്ങളിലെ നിരത്തുകളിൽ തിരക്ക് വർദ്ധിക്കുന്നു. വൻകിട ഹൈപ്പർ മാർക്കറ്റുകൾ മുതൽ വഴിവാണിഭ കേന്ദ്രങ്ങൾ വരെ തിരുവോണത്തിനായുള്ള കാത്തിരിപ്പിലാണ്.
കൊവിഡിന്റെ പശ്ചാത്തലത്തിൽ തൊഴിൽ മേഖലയിലുണ്ടായ പ്രതിസന്ധി വിപണിയിൽ മാന്ദ്യമുണ്ടാക്കിയെങ്കിലും ഒാണക്കച്ചവടത്തോടനുബന്ധിച്ച് വിപണന കേന്ദ്രങ്ങൾ വീണ്ടും സജീവമായി. കൊവിഡിനൊപ്പം ജീവിക്കാൻ പഠിച്ച ആത്മവിശ്വാസത്തോടെയാണ് ജനങ്ങൾ മുൻകരുതലുകൾ പാലിച്ച് വിപണിയിലേക്കെത്തുന്നത്. വിവിധ ക്ഷേമ പെൻഷനുകളുടെ വിതരണം സാധാരണക്കാർക്ക് ആശ്വാസമായി.
സപ്ലൈകോയുടെ ജില്ലാതല ഓണം വിപണനമേള ഇന്നലെ കന്റോൺമെന്റ് മൈതാനിയിൽ തുറന്നു. സാധാരണക്കാരന് വിലക്കുറവ് നൽകാൻ സർക്കാർ സ്ഥാപനങ്ങളുടെ മേളകളും വരുംദിവസങ്ങളിൽ പ്രവർത്തിക്കും.
ഓണക്കിറ്റുമായി സൂപ്പർ മാർക്കറ്റുകൾ
ഓണസദ്യ തയ്യാറാക്കാൻ ആവശ്യമായതെല്ലാം 800 രൂപ മുതൽ ആയിരം രൂപ വരെയുള്ള നിരക്കിൽ ലഭ്യമാക്കുന്ന സൂപ്പർ മാർക്കറ്റുകൾ ധാരാളമുണ്ട്. ഉപ്പേരി, ശർക്കര വരട്ടി, പപ്പടം, പായസക്കിറ്റ് മുതൽ കുത്തരി വരെ വേണ്ടതെല്ലാം ഇതിലുണ്ടാകും. സാമ്പത്തിക പ്രതിസന്ധിയിലായ സാധാരണക്കാർക്ക് ഇത് വലിയ ആശ്വാസമാണ്. സർക്കാർ നൽകുന്ന ഓണക്കിറ്റ് കൂടിയാകുമ്പോൾ പ്രതിസന്ധിയില്ലാതെ ഇത്തവണത്തെ ഒാണവും കടന്നുപോകുമെന്ന വിശ്വാസത്തിലാണ് ജനങ്ങൾ. സമാനതരത്തിലുള്ള പച്ചക്കറി കിറ്റുകളും വിപണിയിലുണ്ട്.
നേന്ത്രക്കായ, ഇഞ്ചി, മാങ്ങ, നാരങ്ങ...
സദ്യവട്ടങ്ങൾക്കും ഉപ്പേരിക്കും ആവശ്യമായ നേന്ത്രക്കായ മുതൽ ഇഞ്ചി വരെയുള്ള സാധനങ്ങൾ വിപണിയിലെത്തിക്കഴിഞ്ഞു. ഗ്രാമമേഖലകളിൽ നാടൻ സാധനങ്ങളുമായി കർഷകരുടെ നാട്ടുവിപണികളും സജീവമാകുകയാണ്.
വിലക്കിഴിവുമായി വ്യാപാര സ്ഥാപനങ്ങൾ
സൂപ്പർ മാർക്കറ്റുകൾ, ബേക്കറികൾ, പച്ചക്കറി - കാർഷിക വിപണി, വസ്ത്രശാലകൾ, ഗൃഹോപകരണ വിപണന കേന്ദ്രങ്ങൾ, ഫർണിച്ചർ കടകൾ, കാർ - ബൈക്ക് ഷോറൂമുകൾ എന്നിവിടങ്ങളിലാണ് ഓണത്തിരക്ക് കൂടുതൽ പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും ഉപഭോക്താക്കളെ ആകർഷിക്കുന്ന തരത്തിലുള്ള വിലക്കിഴിവുകൾ ഇവർ പ്രഖ്യാപിച്ച് കഴിഞ്ഞു.