കൊല്ലം: കേരളത്തിൽ കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണത്തിൽ കൊല്ലം ജില്ല അഞ്ചാം സ്ഥാനത്ത്. കൂടുതൽ കൊവിഡ് ബാധിതരുള്ള മലപ്പുറം, ആലപ്പുഴ ജില്ലകളേക്കാൾ കൊല്ലത്ത് മരണ നിരക്ക് ഉയരുകയാണ്.
ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത് 16 പേരാണ്. ഇതിൽ അഞ്ച് പേർക്ക് മരണത്തിന് ശേഷം നടത്തിയ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണനിരക്ക് കുറയ്ക്കാനും ഗുരുതരാവസ്ഥയിലുള്ളവർക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാനുമാണ് ജില്ലാ ആശുപത്രിയും കൊവിഡ് സെന്ററാക്കിയത്. ആദ്യഘട്ടത്തിൽ ജില്ലയിലെ എല്ലാ കൊവിഡ് ബാധിതരെയും പാരിപ്പള്ളി മെഡിക്കൽ കോളേജിലാണ് ചികിത്സിച്ചിരുന്നത്. പിന്നീട് രോഗലക്ഷണമില്ലാത്ത കൊവിഡ് ബാധിതർക്കായി ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ തുടങ്ങുകയായിരുന്നു. കൊവിഡ് ബാധിതരുടെ എണ്ണം വീണ്ടും ഉയർന്നതോടെയാണ് ജില്ലാ ആശുപത്രിയും കൊവിഡ് സെന്ററാക്കിയത്. ഇപ്പോൾ ഗുരുതരാവസ്ഥയിലുള്ളവരെ മാത്രമാണ് പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുന്നത്. രോഗലക്ഷണങ്ങളുള്ളവരെ ജില്ലാ ആശുപത്രിയിലാണ് നിലവിൽ ചികിത്സിക്കുന്നത്.
കൊവിഡ് മരണം
തിരുവനന്തപുരം 49
എറുണാകുളം 29
കാസർകോട് 20
കോഴിക്കോട് 19
കൊല്ലം 16
കണ്ണൂർ 16
മലപ്പുറം 13
ആലപ്പുഴ 10
തൃശ്ശൂർ 9
പാലക്കാട് 3
പത്തനംത്തിട്ട 3
ഇടുക്കി 3
വയനാട് 3
കോട്ടയം 2