photo

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രി മിനി മെഡിക്കൽ കോളേജാകുന്നു. കെട്ടിട സമുച്ചയത്തിന്റെ നിർമ്മാണ ഉദ്ഘാടനം 25ന് മന്ത്രി കെ.കെ.ശൈലജ നിർവ്വഹിക്കും. കിഫ്ബിയിൽ നിന്നനുവദിച്ച 67.67 കോടി രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഇപ്പോൾ നടപ്പാക്കുന്നത്. മിനി മെഡിക്കൽ കോളേജ് സംവിധാനത്തിലേക്ക് എത്തുന്നതോടെ 233 കിടക്കകളുള്ള വാർഡ് നിർമ്മിക്കും. അഡ്മിനിസ്ട്രേഷൻ ബ്ളോക്ക്, ഡയഗനോസ്റ്റിക് ബ്ളോക്ക്, വാർഡ് ടവർ എന്നീ ബഹുനില കെട്ടിടങ്ങളാണ് നിർമ്മിക്കുന്നത്. 200 കാറുകൾ പാർക്ക് ചെയ്യാനുള്ള സൗകര്യവുമുണ്ടാകും. എട്ട് ലിഫ്റ്റുകൾ ക്രമീകരിക്കും. സാനിട്ടേഷൻ, ഓർഗാനിക് വേസ്റ്റ് കൺവേർഷൻ, സീവേജ് ട്രീറ്റ്മെന്റ് പ്ളാന്റ്, ഫയർ ഫൈറ്റിംഗ് സിസ്റ്റം എന്നിവ ഇതിന്റെ ഭാഗമായുണ്ടാകും. ഓഫീസ് ബ്ളോക്ക് പ്രവേശന കവാടത്തിന്റെ ഭാഗത്തേക്ക് മാറും. പുതുതായി രണ്ട് പ്രവേശന കവാടങ്ങളും ആംബുലൻസുകൾക്ക് മാത്രമായി പ്രത്യേക പ്രവേശന കവാടവുമൊരുക്കും. കെ.എസ്.ഇ.ബി സിവിൽ വിഭാഗത്തിനാണ് നിർമ്മാണ ചുമതല. കൊല്ലം- തിരുമംഗലം ദേശീയപാതയും എം.സി റോഡും സംഗമിക്കുന്ന കൊട്ടാരക്കരയിൽ വാഹന അപകടങ്ങളുടെ നിരക്ക് കൂടുതലാണ്. ചെറിയ അപകടങ്ങളിൽ പരിക്കേൽക്കുന്നവരെപ്പോലും മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയാണ് പതിവ്. ഹൈടെക് സംവിധാനങ്ങൾ എത്തുന്നതോടെ റഫർ ചെയ്യുന്ന രോഗികളുടെ എണ്ണം ഗണ്യമായി കുറയും. മെച്ചപ്പെട്ട ചികിത്സ ഇവിടെ ലഭ്യമാക്കുകയാണ് ലക്ഷ്യം.

പഴയ കെട്ടിടങ്ങൾ പൊളിച്ചുതുടങ്ങി

ആശുപത്രിയിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് നീക്കുന്നതിനായി 13 ലക്ഷം രൂപയ്ക്കാണ് കരാർ നൽകിയിട്ടുള്ളത്. രണ്ട് കെട്ടിടങ്ങളൊഴികെ ബാക്കിയെല്ലാം ഘട്ടംഘട്ടമായി പൊളിച്ചുനീക്കും. മൂന്ന് മോർച്ചറി കെട്ടിടങ്ങളും പേ ആൻഡ് യൂസ് കംഫർട്ട് സ്റ്റേഷനും പൊളിച്ചുകഴിഞ്ഞു. പകരം സംവിധാനമില്ലാതെ മോർച്ചറി പൊളിച്ചത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിരുന്നു. അതുകൊണ്ടുതന്നെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തടസമുണ്ടാകാത്ത വിധം താത്കാലിക മോർച്ചറി സംവിധാനം ഏർപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. മോർച്ചറികൾ നിന്നിരുന്ന ഭാഗത്തായി നിരപ്പാക്കിയശേഷം നാല് നിലകളുള്ള കെട്ടിടമാണ് പണിയുക. മുൻവശത്തെ കെട്ടിട നിർമ്മാണത്തിന്റെ പൈലിംഗും താമസിയാതെ ആരംഭിക്കും. പൈലിംഗിന്റെ ട്രയൽ നടത്തിയാൽ ഇതിന്റെ പരിശോധനാ ഫലം വരാൻ പിന്നെയും ഒരു മാസം വൈകുമെന്നാണ് അധികൃതർ അറിയിച്ചത്.

ശിലാസ്ഥാപനം

കെട്ടിട സമുച്ചയത്തിന്റെ ശിലാസ്ഥാപനം 25ന് രാവിലെ 11ന് മന്ത്രി കെ.കെ.ശൈലജ നിർവ്വഹിക്കും. വീഡിയോ കോൺഫറൻസ് വഴിയാണ് ചടങ്ങ്. പി.ഐഷാപോറ്റി എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. നഗരസഭ ചെയർപേഴ്സൺ ബി.ശ്യാമളയമ്മ,​ വൈസ് ചെയർമാൻ ഡി.രാമകൃഷ്ണപിള്ള എന്നിവർ സംസാരിക്കും.