poovili

പ്രളയം കടന്നും മലയാളി ഓണമുണ്ടു. ഇക്കുറി ഇതാ മഹാമാരിയും. എങ്കിലും ഓണമില്ലാതെ മലയാളിയില്ല. ഓണത്തിന് പത്തുനാളും കൗമുദി വായനക്കാർക്കായി പുതിയ പംക്തി തുടങ്ങുന്നു.

ചിങ്ങം വന്നേ പൊന്നോണം പിറന്നേ....
കുഞ്ഞിക്കാവേ പുന്നെല്ലൊന്നു കൊയ്യേ...
ആവണിമാസമാണ് ചിങ്ങമാസം. കൊല്ലത്തിന്റെയും ആലപ്പുഴയുടെയും അതിർത്തിയായ ഓണാട്ടുകരയിൽ ആവണിമാസത്തിൽ ഈ കൊയ്ത്തുപാട്ടു കേട്ടിരുന്നു. കൊല്ലത്തിന്റെ നെല്ലറയായിരുന്നു കല്ലടയും ഓണാട്ടുകരയുമൊക്കെ. ഓർമ്മയിലൊരു മാവേലിത്തമ്പുരാനും കള്ളവും ചതിയുമില്ലാത്ത നാട്ടുകാരും ഒരു ഫ്ലാഷായി മിന്നിത്തിളങ്ങുന്നത് മലയാളിയുടെ മാത്രം ഗൃഹാതുരത്വമാണ്. പൂക്കളമിട്ട് മാവേലിത്തമ്പുരാനെ വരവേറ്റ് തുടങ്ങുമ്പോൾ മലയാളി എല്ലാം മറക്കും.
ഇന്ന് അത്തമാണ്. അത്തം പത്തിന് പൊന്നോണം. അതാണ് തിരുവോണം. തിരുവോണ ദിനമെത്താൻ പത്തു നാൾ കാത്തിരിക്കണം. ഏത് മഹാമാരി വന്നാലും മാവേലിത്തമ്പുരാനെ വരവേൽക്കാനായി കേരളം പൂക്കളമിടാതിരിക്കുമോ?... പണ്ടൊക്കെ കുട്ടികൾ ഇലക്കുമ്പിൾ കുത്തി തൊടിയിലും പാടത്തുമിറങ്ങി പൂക്കളിറുക്കും. പൂവേപൊലി പാടി കൂട്ടമായി വീടുകളിലേയ്ക്കണയും. പിന്നെ ചാണകം മെഴുകി ശുദ്ധിവരുത്തിയ മണിമുറ്റത്ത് പൂക്കളമൊരുക്കലായി. പൂക്കളമിട്ടു കഴിഞ്ഞാൽ ഒത്ത നടുക്കായി തൃക്കാക്കരയപ്പനെ കുടിയിരുത്തും. അരിയിലോ ചാണകത്തിലോ ഉണ്ടാക്കിയ ചെറിയൊരു രൂപമാണ് തൃക്കാക്കരയപ്പനായി പൂക്കളത്തിലുണ്ടാവുക. മഹാവിഷ്ണുവിനെയാണ് സങ്കൽപിക്കുന്നത്. മഹാവിഷ്ണുവാണ് വാമനാവതാരമായി വരുന്നത്. മഹാബലിയെ വാമനൻ ചവിട്ടി താഴ്ത്തിയതും വരം വാങ്ങിയ മഹാബലി എല്ലാവർഷവും കേരളീയരെ കാണാൻവരുമെന്നുള്ള വിശ്വാസവുമാണല്ലോ ഓണാഘോഷത്തിന് പിന്നിൽ. ചന്ദനത്തിരി കത്തിച്ച് മഹാവിഷ്ണു സങ്കൽപ്പത്തിൽ പത്തുനാൾ പൂക്കളമിട്ടാൽ അടുത്ത ഓണം വരെയും സമൃദ്ധിയുണ്ടാവുമെന്നാണ് വിശ്വാസം. ഓരോ ദിവസം കഴിയുന്തോറും പൂക്കളത്തിന്റെ വലിപ്പം കൂടിവരും. പലേടത്തും പല തരത്തിലാണ് പൂക്കളമിടുക. പക്ഷേ എല്ലായിടത്തും തൃക്കാക്കരയപ്പനെ സങ്കൽപിക്കാറുണ്ട്. ഉപ്പ് ഉപയോഗിച്ച് വീടുകളിൽ പൂക്കളമിടാറില്ല. എന്നാൽ അടയ്ക്ക മുതൽ നെല്ലിക്കവരെ പൂക്കളത്തിന്റെ ഭാഗമാക്കുന്ന വീടുകളുമുണ്ട്. ദശപുഷ്പം മാത്രം പൂക്കളമാക്കുന്ന വീടുകൾ ഇപ്പോഴും മലബാർ മേഖലയിൽ കാണാം. കൂട്ടംകൂടിയുള്ള പൂപറിക്കലും പൂവിറുക്കലും ഊഞ്ഞാലാട്ടവുമെല്ലാം ഓണത്തിന്റെ മാത്രം രസക്കാഴ്ച്ചകളാണ്. ഇക്കുറി കൊവിഡ് വന്നതിനാൽ നമുക്ക് കൂട്ടംകൂടാതെ മാവേലിയെ വരവേൽക്കാം