ചാത്തന്നൂർ: രാഷ്ട്രീയ താത്പര്യങ്ങൾക്ക് കീഴടങ്ങാതെ പൊലീസ് നിയമത്തിന്റെ വഴിയേ സഞ്ചരിക്കാൻ തയ്യാറാകണമെന്ന് ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. കോൺഗ്രസ് ചാത്തന്നൂർ, പരവൂർ ബ്ലോക്ക് കമ്മിറ്റികളുടെ നേതൃത്വത്തിൽ ചാത്തന്നൂർ എ.സി.പി ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ചിറക്കരയിലെ അനധികൃത കോഴിഫാമിനെതിരെ പരാതി നൽകിയ കെ.പി.സി.സി നിർവാഹക സമിതി അംഗം എൻ. ജയചന്ദ്രനെ വധിക്കാൻ ശ്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തത്തിലും കാരംകോട് തട്ടാരുകോണം ശാരോൺ എബനേസർ ചർച്ചിന് നേരെ നടക്കുന്ന അതിക്രമങ്ങൾക്കെതിരെയും പ്രതിഷേധിച്ചായിരുന്നു ധർണ.
കോൺഗ്രസ് ചാത്തന്നൂർ ബ്ലോക്ക് പ്രസിഡന്റ് എം. സുന്ദരേശൻപിള്ള അദ്ധ്യക്ഷത വഹിച്ചു. പരവൂർ ബ്ലോക്ക് പ്രസിഡന്റ് ബിജു പാരിപ്പള്ളി, കെ.പി.സി.സി നിർവാഹക സമിതി അംഗങ്ങളായ നെടുങ്ങോലം രഘു, എൻ. ജയചന്ദ്രൻ, ഡി.സി.സി ജനറൽ സെക്രട്ടറി എ. ഷുഹൈബ്, യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ആർ.എസ്. അരുൺരാജ്, പരവൂർ സജീവ്, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ജോൺ എബ്രഹാം, ബിനോയി, ആർ. സാജൻ, എൻ. സത്യദേവൻ, പ്രദീഷ്‌കുമാർ, നെല്ലേറ്റിൽ ബാബു, ഷൈജു ബാലചന്ദ്രൻ, കെ. മോഹനൻ, ഐ.എൻ.ടി.യു.സി റീജിയണൽ പ്രസിഡന്റ് മൈലക്കാട് സുനിൽ, മഹിളാ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ബിൻസി വിനോദ് തുടങ്ങിയവർ പങ്കെടുത്തു.