കൊല്ലം: ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷം പുതിയ കൊവിഡ് കേസുകളൊന്നും റിപ്പോർട്ട് ചെയ്യാത്തതിൽ ഇന്നലെ തഴവയ്ക്ക് ആശ്വാസദിനം. കഴിഞ്ഞ ഒരാഴ്ച പഞ്ചായത്തിന്റെ വിവിധ വാർഡുകളിൽ തുടർച്ചയായി പോസിറ്രീവ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതിന്റെ ആശങ്കയിലായിരുന്നു നാട്. ഒരു കുടുംബത്തിലെ മൂന്നുപേർക്ക് രോഗം സ്ഥിരീകരിച്ച തഴവ മണപ്പള്ളിയിലും തൊഴിലുറപ്പ് തൊഴിലാളിക്കും മരപ്പണിക്കാരനും രോഗ ബാധയുണ്ടായ പഞ്ചായത്ത് വാർഡ്, പൊലീസുകാരനും ജയിൽ ഉദ്യോഗസ്ഥനും രോഗം സ്ഥിരീകരിച്ച പത്തൊമ്പതാം വാർഡ് , സ്വകാര്യ ധനകാര്യ സ്ഥാപന ജീവനക്കാരനും വർദ്ധനും രോഗബാധയുണ്ടായ മുല്ലശേരി വാർഡ് എന്നിവിടങ്ങളിൽ പുതിയ കേസുകൾ ഉണ്ടായതായി റിപ്പോർട്ടില്ലാത്തതാണ് ആശ്വാസമായത്.
നിയന്ത്രണങ്ങളും ജാഗ്രതയും തുടരും
ഉറവിട മറിയാത്ത കേസുകളും സമൂഹ വ്യാപനത്തിന്റെ സാദ്ധ്യതകളും കണക്കിലെടുത്ത് പഞ്ചായത്തിലാകമാനം കർശന നിയന്ത്രണങ്ങളും ജാഗ്രതയും തുടരാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം.ചിങ്ങമാസമായതോടെ ഓണാഘോഷത്തിനൊപ്പം ഗൃഹപ്രവേശം , വിവാഹ ചടങ്ങുകൾ തുടങ്ങിയവ പല സ്ഥലങ്ങളിലും നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. സാമൂഹ്യ അകലം പാലിക്കാതെയും കൊവിഡ് പ്രോട്ടോക്കോൾ ലംഘിച്ചും ആളെ കൂട്ടി ആഘോഷം നടത്തുന്നവർക്കെതിരെ കർശന നടപടി കൈക്കൊളളാനാണ് തീരുമാനം. ഇത്തരം ചടങ്ങുകൾ നടക്കുന്ന സ്ഥലങ്ങൾ നിരീക്ഷിക്കാൻ ക്ളസ്റ്റർ മോണിറ്ററിംഗ് ഓഫീസർമാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് പഞ്ചായത്ത് സെക്രട്ടറി സി. ജനചന്ദ്രൻ അറിയിച്ചു.
നടപടിസ്വീകരിക്കും
പഞ്ചായത്തിലെ തിരക്കേറിയ ജംഗ്ഷനുകളായ മണപ്പള്ളി, കുറ്റിപ്പുറം, പാവുമ്പ, ചിറ്റുമൂല,തഴവ എന്നിവിടങ്ങളിൽ ഓണത്തോടനുബന്ധിച്ച് പൊലീസിന്റെ നിരീക്ഷണം ശക്തമാക്കുമെന്ന് കരുനാഗപ്പള്ളി സി.ഐ മഞ്ജുലാൽ പറഞ്ഞു. മാസ്ക് ധരിക്കാതെയും സാമൂഹ്യ അകലം പാലിക്കാതെയും പൊതു ഇടങ്ങളിൽ പെരുമാറുന്നവർക്കെതിരെ കർശന നടപടിയുണ്ടാകും. ഇവിടങ്ങളിൽ പൊലീസിന്റെ ഫുട് പട്രോളിംഗും ഏർപ്പെടുത്തിയിട്ടുണ്ട്. നിയമ ലംഘനങ്ങൾ നിരീക്ഷിക്കാൻ മഫ്റ്റി പൊലീസിനെയും നിയോഗിച്ചിട്ടുണ്ട്. കടകളിൽ ആളുകൾ തിങ്ങിക്കൂടാനിടയായാൽ കടയുടമയ്ക്കെതിരെ പകർച്ച വ്യാധി പ്രതിരോധ നിയമപ്രകാരം നടപടിസ്വീകരിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകി.